റബറിനു പതിറ്റാണ്ടിനിടയിലെ റെക്കോര്‍ഡ് വില. മാര്‍ പാംപ്ലാനിയുടെ പ്രസ്താവന കുത്തിപ്പൊക്കി ബി.ജെ.പി. ബിഷപ്പിന്റെ ആഗ്രഹമാണു വിലവര്‍ധനയിലൂടെ സഫലമായിരിക്കുന്നതെന്നു ജന്മഭൂമി

റബര്‍ ബോര്‍ഡ് വിഹിതം 348 കോടി രൂപയായി വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ വലിയ നേട്ടമായാണു ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്

New Update
-joseph-pamplani

കോട്ടയം: റബര്‍ സമീപകാലത്തെ റെക്കോര്‍ഡ് വിലയായ 220 രൂപയില്‍. വില വര്‍ധനവിനു പിന്നാലെ അവകാശവാദങ്ങളും ക്രൈസ്തവ പുരോഹിതന്മാരുടെ പ്രസ്താവനകള്‍ കുത്തിപ്പൊക്കിയും ബി.ജെ.പി. നേതാക്കളും മുഖപത്രമായ ജന്മഭൂമിയും.

Advertisment

റബര്‍ വിലയിലെ റെക്കോര്‍ഡ് വര്‍ധനവും റബര്‍ബോര്‍ഡിന് അധിക തുക അനുവധിച്ചതുമെല്ലാം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു ബി.ജെ.പി റബര്‍ വിഷയം സജീവമാക്കുന്നത്. റബര്‍ വില കൂട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നു തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചത് അദ്ദേഹം വാക്കു പാലിക്കുമോ എന്ന ചോദ്യത്തില്‍ ജന്മഭൂമിയില്‍ ലേഖനവും വന്നു.


റബര്‍ വില 300 എത്തിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നു തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞതു വലിയ വിവാദമായിരുന്നു.


 കേരളത്തില്‍ ഒരു എം.പി പോലും ഇല്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുകൊടുക്കുമെന്നും 2023 മാർച്ചിൽ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനയടക്കം ഉയര്‍ത്തിക്കാട്ടിയാണു ബി.ജെ.പി. അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്.  ജോസഫ് പാംപ്ലാനിയുടെ ആഗ്രഹമാണു റബര്‍ വില കൂടിയതിലൂടെ സഫലമായിരിക്കുന്നതെന്നു ജന്മഭൂമിയിലെ ലേഖനത്തില്‍ പറയുന്നു.

റബര്‍ ബോര്‍ഡ് വിഹിതം 348 കോടി രൂപയായി വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ വലിയ നേട്ടമായാണു ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്. ഒന്നും രണ്ടും മോഡി സര്‍ക്കാരിന്റെ കാലങ്ങളായി ബജറ്റില്‍ റബര്‍ ബോര്‍ഡിനുള്ള വിഹിതത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഇതിനിടെയാണു മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തുക വര്‍ധിപ്പിച്ചത്. എന്നാല്‍, കര്‍ഷക സംഘടനകള്‍ ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.

റബര്‍ വില 250 രൂപയാക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ നടപ്പാക്കിയില്ല. മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ താങ്ങുവില 250 ആയി ഉയര്‍ത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. റബര്‍ കര്‍ഷകരുടെ പ്രശ്‌നം പറഞ്ഞാണു കോട്ടയം , പത്തനംതിട്ട ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടു പിടിച്ചത്.


 എന്നാല്‍, ബജറ്റില്‍ പ്രഖ്യാപനം ഒന്നും ഉണ്ടായില്ലെന്നു മാത്രം. ഇപ്പോള്‍ വര്‍ധിപ്പിച്ച തുക വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്.


അതുപോലെ ടയര്‍ കമ്പനികള്‍ പ്രകൃതിദത്ത റബറിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ടില്ല. ഇറക്കുമതി തീരുവ കുറച്ചാല്‍ വിദേശത്ത് നിന്നും റബര്‍ വന്‍തോതില്‍ കുറഞ്ഞ വിലയ്ക്ക് എത്തിയാലും അതു റബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.

Advertisment