/sathyam/media/media_files/2026/02/05/sabari-greenfield-airport-project-2026-02-05-18-16-23.jpg)
കോട്ടയം: ശബരി ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ട്. എരുമേലി സൗത്ത്, മണിമല വില്ലേജിലെ പദ്ധതി പ്രദേശത്ത് ഫെബ്രുവരി 17 ന് പൊതു തെളിവെടുപ്പ് സംഘടിപ്പിക്കുന്നു.
എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി പാരിഷ് ഹാളിൽ രാവിലെ 11 മുതൽ തെളിവെടുപ്പു നടക്കുമെന്നാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു വേണ്ടി ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയറുടെ പേരിലാണ് പ്രദേശേത്ത് പോസ്റ്റർ പതിച്ചിരിക്കുന്നത്. കോടതി വിധികളെ തുടർന്ന് പദ്ധതി മരവിച്ച അവസ്ഥയിലായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ സബ് കോടതി പുറപ്പെടുവിച്ച വിധി, കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു ലാന്‍ഡ് അക്വസിഷന്‍ ആക്ട് സെക്ഷന്‍ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയ കോടതി വിധികളാണ് പദ്ധതിക്കു തിരിച്ചടിയായിരിക്കുന്നത്.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്നു സർക്കാർ അറിയിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും.
/filters:format(webp)/sathyam/media/media_files/2026/02/05/pollution-control-board-2026-02-05-18-16-46.jpg)
ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമെന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ പറഞ്ഞിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്തുതകളും പരിഗണിക്കാതെ ഉള്ളതാണെന്നാണ് സർക്കാർ വാദം.
അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, അവരുടെ പിൻഗാമികളുടെയും ദീർഘകാലത്തെ കൈവശാവകാശം മാത്രം അടിസ്ഥാനപ്പെടുത്തി നിയമസാധുത കണക്കാക്കിയാണ് അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പിൽ സമർപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷന്‍ ആക്ട് സെക്ഷൻ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിരുന്നു.
അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
എല്ലാ തടസങ്ങളും പരിഹരിച്ച് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. ഗവർണർ നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമർപ്പിക്കും എന്നും നയ പ്രഖ്യാപന രേഖയിലും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us