/sathyam/media/media_files/2025/04/13/IpLKENITvLgAXycn9s8M.jpg)
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടോളമായി മദ്ധ്യകേരളം കാത്തിരിക്കുന്ന ശബരി റെയിൽപ്പാതയ്ക്കായി ജനകീയ മാർച്ച് നടത്താൻ സമരസമിതിയുടെ തീരുമാനം. എം.സി റോഡ് തിരുവനന്തപുരം വരെയാക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ ജനകീയ മാർച്ചിന്റെ മാതൃകയിലായിരിക്കും ഇത്.
അങ്കമാലിയിൽ നിന്ന് തുടങ്ങിയ എം സി റോഡ് വികസനം ചെങ്ങന്നൂരിൽ അവസാനിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫിന്റെ എം.എൽ.എമാർ ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ജനകീയ മാർച്ച്നടത്തിയിരുന്നു.
ഇതോടെ വെഞ്ഞാറമൂട് വരെ എം സി റോഡ് വീതി കൂട്ടി പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
സമാന രീതിയിൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് ശ്രമം. 1997-98ൽ പ്രഖ്യാപിച്ച, 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവുമാണ് നിർമ്മിച്ചത്. 24 ഹെക്ടർ ഭൂമിയേറ്റെടുത്തു. 392 ഹെക്ടർ ഇനിയേറ്റെടുക്കണം.
കോട്ടയം ജില്ലയിലെ പുതിയ അലൈൻമെന്റ് തീരുമാനിച്ചെങ്കിലും ശബരി റെയിൽവേ പദ്ധതി നിർമ്മാണം പുനരാരംഭിക്കാത്തതിനെ തുടർന്ന് അന്നത്തെ ഇടുക്കി എം പി ജോയിസ് ജോർജിന്റെയും ചാലക്കുടി എം പി ഇന്നസെന്റിന്റെയും ബാബു പോൾ മുൻ എം എൽ എയുടെയും പി എം ഇസ്മായിലിന്റെയും ഗോപി കോട്ടമുറി മുൻ എം എൽ എയുടെയും നേതൃത്വത്തിൽ എൽ ഡി എഫ് നേതാക്കൾ 2014 ൽ കരിങ്കുന്നത്തു നിന്നും കാലടിയിലേയ്ക്ക് ശബരി റെയിൽവേ സമര ജാഥ നടത്തിയിരുന്നു.
ഇന്നത്തെ മന്ത്രി പി രാജീവും ശബരി റെയിൽവേ സമരജാഥയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ജോയിസ് ജോർജിന്റെ ശബരി റെയിൽവേ സമരജാഥയെ തുടർന്ന് 2015 ഒക്ടോബറിൽ ശബരി റെയിൽവേയുടെ പകുതി നിർമ്മാണ ചിലവ് വഹിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചതും കേന്ദ്ര സർക്കാർ പ്രധാനമന്ത്രി നേരിട്ട് മോണിട്ടർ ചെയ്യുന്ന പ്രഗതി പ്ലാറ്റ്ഫോമിൽ ശബരി റെയിൽവേയെ ഉൾപ്പെടുത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്.
അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ എം പി മാരുടെ നേതൃത്വത്തിൽ എം എൽ എമാരെയും പഞ്ചായത്തു -മുനിസിപ്പൽ അധ്യക്ഷന്മാരെയും പങ്കെടുപ്പിച്ചു "അങ്കമാലി - തിരുവനന്തപുരം ശബരി റെയിൽവേ ജനകീയായ മാർച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാനാണ് നീക്കം.
3801കോടി ചെലവുള്ള പദ്ധതിയുടെ പകുതിചെലവ് വഹിക്കാമെന്ന് 2023ഡിസംബറിൽ കേരളം അറിയിച്ചിരുന്നു. എന്നാൽ 2024 ആഗസ്റ്റിൽ ഇതിന് ഉപാധിവച്ചു. പദ്ധതി വിഹിതത്തിന് സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ത്രികക്ഷി കരാറിന്റെ മാതൃക കഴിഞ്ഞ നവംബറിൽ റെയിൽവേ കൈമാറിയെങ്കിലും കരാർ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം.
കേരളത്തിന്റെ വിഹിതം ഗഡുക്കളായി റെയിൽവേക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷികരാർ. പണം നൽകിയില്ലെങ്കിൽ, വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിൽ കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേക്ക് നൽകും. അതിനാലാണ് സർക്കാരിന് വിമുഖത.
എറണാകുളം,ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണകരമാണ് പാത. പുനലൂരിൽനിന്ന് തമിഴ്നാട്ടിലേക്കും ബന്ധിപ്പിക്കാം.
വിഴിഞ്ഞം തുറമുഖത്തെ ചരക്കുനീക്കത്തിനും മദ്ധ്യകേരളത്തിന്റെ വികസനത്തിനും നിർണായകമാവുന്ന ശബരിറെയിലിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് ഉപാധികളില്ലാതെ സമ്മതം അറിയിക്കണമെന്നും പണം നൽകുമെന്ന് റെയിൽവേ, റിസർവ്ബാങ്ക് എന്നിവരുമായി കരാറൊപ്പിടാനും കേരളത്തോട് വീണ്ടും കേന്ദ്രം നിർദ്ദേശിച്ചു.
ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടിട്ടും കേരളം മൗനംപാലിക്കുകയാണെന്നും റെയിൽവേമന്ത്രി അശ്വിനിവൈഷ്‌ണവ് ലോകസഭയിൽ വ്യക്തമാക്കി. അടൂർപ്രകാശ്, ഡീൻകുര്യാക്കോസ്, ആന്റോആന്റണി എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി അങ്കമാലി-എരുമേലി ശബരിപാത റെയിൽവേയ്ക്ക് നിർമ്മിക്കാനാവുന്നതേയുള്ളൂ.
പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം, തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികൾ കേന്ദ്രം സ്വന്തം നിലയിൽ നടപ്പാക്കുകയാണിപ്പോൾ. ഗുരുവായൂർ-തിരുനാവായ പാതയും സജീവപരിഗണനയിലാണ്.
2019ൽ ശബരിപാതയ്ക്കൊപ്പം മരവിപ്പിച്ചതാണ് ആലപ്പുഴ പാതയിരട്ടിപ്പിക്കലും ഗുരുവായൂർ പാതയും. ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാതയിരട്ടിപ്പിക്കൽ മരവിപ്പിക്കൽ ഉത്തരവ് റദ്ദാക്കിയാണ് ബഡ്ജറ്റിൽ പണമനുവദിച്ചത്. പാതയിരട്ടിപ്പിക്കലിന്റെ ചെലവ് പങ്കിടണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനം അംഗീകരിച്ചിരുന്നില്ല.
പിന്നീട് ഭൂമിയേറ്റെടുക്കലിന് 510കോടി റെയിൽവേ അനുവദിച്ചു. പുതിയപാതകൾ, പാതയിരട്ടിപ്പിക്കൽ എന്നിവയ്ക്കായി ബഡ്ജറ്റിന് പുറമെ ചെലവഴിക്കാൻ 50,000കോടിയോളം റെയിൽവേയ്ക്ക് അനുമതിയുണ്ട്. എന്നാൽ ശബരിപാതയ്ക്ക് ഈ ഫണ്ടുപയോഗിക്കാൻ കേന്ദ്രത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തേണ്ടി വരും.