പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 87,216 ഭക്തരാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മലചവിട്ടുന്നവരിൽ അധികവും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സ്പോട്ട് ബുക്കിംഗിലൂടെ 11, 834 പേരാണ് ഇന്നലെ ദർശനം നടത്തിയത്.
അവധി ദിനമായ ഇന്ന് തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. തിരക്ക് കണക്കിലെടുത്ത് മരക്കൂട്ടത്തിന് സമീപം മൂന്നിടത്തായി ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും നടപ്പന്തലിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ ദർശനം നടത്തിയത് ഇന്നലെയാണ്.