/sathyam/media/media_files/2025/09/02/sabarimala-pinarayi-2025-09-02-00-10-23.jpg)
തിരുവനന്തപുരം: സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കിയ ശബരിമല സ്വർണപ്പാളി വിവാദത്തിൽ എൽ.ഡി.എഫിലും അസംതൃപ്തി പുകയുന്നു.
നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രം നടത്തേണ്ട കാര്യങ്ങളിൽ സർക്കാരിൻെറയും തിരുവിതാംകൂർ ദേവസ്വംബോർഡും വരുത്തിയ വീഴ്ചകളുടെ പരമ്പര തന്നെ പുറത്തു വരുന്നതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിരിക്കുന്നത്.
പുറത്തുവന്ന സംഭവങ്ങളിൽ ബോർഡിൻെറ വീഴ്ച സുവ്യക്തം ആണെന്നിരിക്കെ അതിൻെറ ഉത്തരവാദിത്തത്തിൽ നിന്ന് ബോർഡിനും അതിൻെറ മേൽനോട്ടചുമതലയുളള സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ലെന്നും സി.പി.ഐ ഉൾപ്പെടെയുളള ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
പശ്ചാത്തലത്തെ കുറിച്ചോ വിശ്വാസ്യതയേ കുറിച്ചോ അന്വേഷിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപാളി 2019ൽ കൊടുത്തയച്ചതിൻെറ ഉത്തരവാദിത്തം അന്നത്തെ ദേവസ്വം വകുപ്പിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമാണെന്നും ഘടകക്ഷി നേതാക്കൾ പറയുന്നു.
കടകംപളളി സുരേന്ദ്രനായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി.എ.പത്മകുമാറായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ അന്നത്ത അധ്യക്ഷൻ. നടന്ന സംഭവങ്ങളുടെ എല്ലാം ഉത്തരവാദിത്തം ഇവർക്കല്ലാതെ മാറ്റാർക്കാണെന്നും നേതാക്കൾ ചോദിക്കുന്നുണ്ട്.
മുന്നണിയുടെ നയവും രാഷ്ട്രീയവും പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കാതെ ഭരണ സംവിധാനങ്ങളെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കാനനുവദിച്ചതിന് കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തെ സ്വർണപ്പാളി വിവാദമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ വിശ്വാസപരമായ വിഷയങ്ങളിലോ മുന്നണിയിൽ ചർച്ച നടക്കാത്തതും ഇത്തരം വിവാദങ്ങൾ ഉണ്ടാകാൻ കാരണം ആകുന്നുണ്ട്.
ആർ.എസ്.പി മുന്നണി വിട്ടുപോയ ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥാനങ്ങൾ സി.പി.എമ്മും സി.പി.ഐയും മാത്രം പങ്കിട്ടെടുക്കുന്നതാണ് പതിവ്.
പ്രസിഡന്റ് സ്ഥാനവും രണ്ട് അംഗങ്ങളിലൊന്നും സി.പി.എം എടുക്കുകയാണ് ചെയ്യുന്നത്. ബാക്കിയുളള ഒരു അംഗത്വം സി.പി.ഐയും എടുക്കും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദത്തിൻെറ ഉത്തരവാദിത്തം സി.പി.എമ്മിനും സിപിഐക്കും മാത്രമാണെന്നും ഇതര ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് വർഷത്തിൽ ശബരിമല അയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന തട്ടിപ്പുകൾ പുറത്തുവന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആശങ്കയും എൽ.ഡി.എഫിൽ ശക്തമാണ്.
ശബരിമലയിൽ സ്വർണ്ണപ്പാളി വിഷയത്തിൽ കുറ്റവാളികൾ ആരായാലും കർശനമായ ശിക്ഷ നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദൈവസങ്കല്പത്തെയും വിശ്വാസിലക്ഷങ്ങളെയും ഒരു പോലെ കബളിപ്പിക്കുന്ന ഇത്തരക്കാർ ചീത്തപണത്തെ ദൈവമായി കാണുന്നവരാണ്.
അത്തരക്കാർക്ക് അഴിഞ്ഞാടാനുള്ള വേദിയായി ഒരു ആരാധനാ കേന്ദ്രവും മാറിക്കൂടാ. ഇക്കാര്യത്തിൽ എൽഡി എഫ് ഗവണ്മെന്റിന് യാതൊരു ചാഞ്ചാട്ടവും ഉണ്ടാവുകയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദൈവത്തിനും ഭക്തജനങ്ങൾക്കുമിടയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെയുള്ള ദല്ലാളന്മാർക്ക് ഒരിക്കലും ഇടമുണ്ടാകാൻ പാടില്ല. മതവിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിജ്ഞ ബദ്ധമാണ്.
എന്നാൽ വിശ്വാസങ്ങളുടെ മറവിൽ സാമ്പത്തിക നേട്ടം കൊയ്യാൻ ആരെയും അനുവദിക്കാൻ പാടില്ലെന്നാണ് സിപിഐയുടെ നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.