/sathyam/media/media_files/2025/10/06/untitled-2025-10-06-10-58-36.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ചുവട് പിഴച്ച ഇടത് സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍. നിയമസഭയിലടക്കം മറുപടിക്ക് പഴുതില്ലാത്ത വിധം യു.ഡി.എഫ് തന്ത്രം മെനഞ്ഞ് ആഞ്ഞടിച്ചതോടെയാണ് സര്‍ക്കാരിന്റെ ചുവട് പറിഞ്ഞത്.
സ്പോണ്‍സറായി എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി നടപടിക്രമങ്ങള്‍ പാലിച്ചാണോ നല്‍കിയതെന്നും എങ്ങനെ ഇദ്ദേഹത്തെ തിരഞ്ഞെടുത്തെന്നുമുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിനും ബോര്‍ഡിനും ഉത്തരമില്ല. നിലവില്‍ ആഗോള അയ്യപ്പ സംഗമത്തിലൂടെ സാമുദായിക നേതൃത്വങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞ സര്‍ക്കാരിന് വിവാദം തിരിച്ചടിയായി.
അയ്യപ്പസംഗമത്തെ അനുകൂലിച്ച് സാമുദായിക സംഘടനകളായ എന്‍.എസ്.എസും എസ്എന്‍.ഡി.പിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണപ്പാളി വിവാദം കത്തിപ്പടര്‍ന്നതോടെ സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ചിരുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി മലക്കം മറിഞ്ഞു. ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.
അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച എന്‍.എസ്.എസ് വിഷയത്തില്‍ സര്‍ക്കാരിനെയോ ദേവസ്വം ബോര്‍ഡിനെയോ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. വിവാദത്തില്‍ ഇതുവരെ പ്രതികരിക്കാനും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി തയ്യാറായിട്ടില്ല.
നിയമസഭയില്‍ വിവാദമുയര്‍ത്തി കടുത്ത പ്രതിഷേധത്തിന് തുടക്കമിട്ട പ്രതിപക്ഷം സര്‍ക്കാരിന് മറുപടി പറയാനുള്ള അവസരവും ഇല്ലാതാക്കി.
വിവാദവിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ട് വരുന്ന അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്കെടുത്ത് വിഷയത്തിന്റെ ഗൗരവമില്ലാതാക്കുന്ന സമീപനമായിരുന്നു കഴിഞ്ഞ കാലയളവില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വന്നത്. അതുകൊണ്ട് തന്നെ ഇത്തവണ സര്‍ക്കാരിന്റെ നയതന്ത്രത്തില്‍ വീഴാന്‍ പ്രതിപക്ഷം തയ്യാറായില്ല.
അടിയന്തിരപ്രമേയത്തിന് നോട്ടീസ് കൊടുക്കാതിരുന്ന പ്രതിപക്ഷം സഭയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ സ്പീക്കര്‍ക്ക് സഭ പിരിച്ചുവിടേണ്ടതായും വന്നു. ഇതോടെ സര്‍ക്കാര്‍ ഉദ്ദേശിച്ചത് പോലെ മുഖ്യമന്ത്രിക്കോ ദേവസ്വം മന്ത്രിക്കോ സഭയില്‍ വിശദീകരിച്ചുള്ള മറുപടി നല്‍കാനുമായില്ല.
സഭയില്‍ മറുപടിക്ക് ഇടമില്ലാതായതോടെ കൂടുതല്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ ദേവസ്വം വിജലിലന്‍സിന്റെ അന്വേഷണത്തിലെ കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുകയാണ്. അതില്‍ നിന്ന് ലഭിക്കുന്ന കണ്ടെത്തലുകളില്‍ നിന്ന് രാഷ്ട്രീയ ആയുധം സൃഷ്ടിച്ച് തിരിച്ചടിക്കാമെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കണക്ക് കൂട്ടല്‍.
വിവാദം വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതുമുന്നണിയുമുള്ളത്. വരും ദിവസങ്ങളില്‍ ചേരുന്ന മുന്നണി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിലെ ഊരാക്കുടക്കില്‍ നിന്നും തലയൂരാന്‍ കൃത്യമായ അന്വേഷണം നടത്താനാണ് ദേവസ്വം വിജിലന്‍സിന് നിര്‍ദ്ദേശമുള്ളത്.