/sathyam/media/media_files/2025/10/07/ajith-unnikrishnan-2025-10-07-22-34-44.jpg)
കായംകുളം: ശബരിമലയിലെ സ്വർണപ്പാളിയും താങ്ങുപീഠവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡ് അംഗവും സി.പി.ഐ നേതാവുമായ അഡ്വ. എ. അജികുമാറിന് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വീട് നിർമിച്ചു നൽകിയത് അജികുമാറിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സി.പി.ഐയിലും എൽ.ഡി.എഫിലും വിവാദം ശക്തമായി.
വീട് നിർമിച്ചത് അജികുമാറിന്റെ കുടുംബക്ഷേത്രമായ കായംകുളം കണ്ണമ്പള്ളി ഭാഗം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഗോപിക്കാണ് വീട് നൽകിയിരിക്കുന്നത്.
വീടിന്റെ താക്കോൽദാനച്ചടങ്ങ് മേയ് 25-ന് നടന്നു. ചടങ്ങിൽ കായംകുളം എംഎൽഎ യു. പ്രതിഭ താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ ബിജെപി, എസ്.എൻ.ഡി.പി നേതാക്കളും പങ്കെടുത്തിരുന്നു.
വീടിന്റെ സ്പോൺസർമാരായി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം രാഘവേന്ദ്ര, രമേശ് എന്നിവരാണെന്നും, ബംഗളൂരുവിൽ നിന്നുള്ള മൂന്ന് അയ്യപ്പഭക്തർ വീടുകൾ നിർമിച്ചുവെന്നുമാണ് അന്ന് നോട്ടീസിൽ പരാമർശിച്ചത്. എങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരാണ് മുഖ്യമായി മുന്നോട്ടുവന്നത്.
അറയ്ക്കൽ ക്ഷേത്രത്തിലെ ചുറ്റുവിളക്കുകളുടെ സമർപ്പണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. സംഭവം പുറത്തുവന്നതോടെ സി.പി.ഐ പാർട്ടി നേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടു.
അജികുമാർ പാർട്ടിയെ അറിയിക്കാതെ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തിയതിലും ബോർഡ് അംഗത്വം ദുരുപയോഗം ചെയ്തതിലും പാർട്ടിയിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു.
മുന്‍പ് അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് അജികുമാറിനെ ജില്ലാ കൗൺസിൽ അംഗത്വത്തിൽ നിന്ന് താഴ്ത്തിയിരുന്നു.
ഇപ്പോൾ എംഎൽഎ യു. പ്രതിഭയുടെ സാന്നിധ്യം സിപിഎമ്മിനകത്തും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. കായംകുളം ഏരിയ കമ്മിറ്റിയുമായി കഴിഞ്ഞ ദിവസങ്ങളിലായി എംഎൽഎയ്ക്ക് വൈരുദ്ധ്യം നിലനിൽക്കുന്നു. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശശികലയുമായും എംഎൽഎയുമായുള്ള ഭിന്നതകൾ പരസ്യമായിട്ടുണ്ട്.