ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. 200 കോടി പിന്നിട്ടതായി ദേവസ്വം ബോര്‍ഡ്, അരവണ നിയന്ത്രണം തുടരുമെന്ന് കെ ജയകുമാര്‍

New Update
Untitled

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ്. അരവണ വില്‍പ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. 

Advertisment

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. 

ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശബരിമലയിലെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്നും പ്രസിഡന്റ് അറിയിച്ചു. ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന തീരുമാനം തുടരും. എല്ലാവര്‍ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഇത് അയ്യപ്പന്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞാണ് തുറക്കുക. ഈ സമയത്ത് കൂടുതല്‍ അരവണ ഉത്പാദിപ്പിച്ച് കരുതല്‍ശേഖരം വര്‍ധിപ്പിക്കാനാകുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

Advertisment