ശബരിമല സ്വർണകൊള്ള: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന്റെ മുന തിരിക്കാന്‍ യു.ഡി.എഫ്. അടൂര്‍ പ്രകാശിനെയും ആന്റോ ആന്റണിയെയും ലക്ഷ്യമിട്ട് എല്‍.ഡി.എഫ്

New Update
sabarimala.1.406246

കോട്ടയം: ശബരിമല സ്വർണ കൊള്ളയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ യു.ഡി.എഫ്. മുഖ്യമന്ത്രിക്കെതിരെ പ്രധിഷേധത്തിന്റെ മുന തിരിക്കാനാണ് യു.ഡി.എഫ് നീക്കം.

Advertisment

നിലവില്‍ മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ടാണു യു.ഡി.എഫ് പ്രതിഷേധങ്ങള്‍ ശക്തമാക്കിയിരുന്നത്.


യു.ഡി.എഫ് നടത്തുന്ന യാത്രയില്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെയും മന്ത്രി വി.എന്‍ വാസവന്റെയും രാജിയായിരിക്കും പ്രധാന പ്രചാരണ വിഷയം.


അതേസമസയം, അടൂര്‍ പ്രകാശിനെയും ആന്റോ ആന്റണിയെയും ലക്ഷ്യമിട്ട് എല്‍.ഡി.എഫ്. നീങ്ങുകയാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതത് ഉയര്‍ത്തിക്കാട്ടിയാണു എല്‍.ഡി.എഫ് പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നത്. 

യു.ഡി.എഫ് ജാഥ ആരംഭിക്കുന്ന ദിവസം തന്നെ അടൂര്‍ പ്രകാശിനെ എസ്.ഐ.ടി. ചോദ്യം ചെയ്തതു രാഷ്ട്രീയ പ്രേരിതമാണെന്നും യു.ഡി.എഫിനെ ഇതില്‍ കൂട്ടിക്കെട്ടാന്‍ നോക്കുകയാണെന്നും കോണ്‍ഗ്രസും ആരോപിക്കുന്നു.


ഇന്നു രാവിലെ മുതലാണു അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.


ഇക്കാര്യമുള്‍പ്പെടെ അടൂര്‍ പ്രകാശില്‍ നിന്ന് എസ്.ഐ.ടി ചോദിച്ചറിഞ്ഞെന്നാണു വിവരം.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോറ്റിയെ കേറ്റിയതു യു.ഡി.എഫ് എന്നു സി.പി.എം ആരോപിക്കുന്നു.

ഒരു പടി കൂടി കടന്നു മുഖ്യമന്ത്രി പണിറായി വിജയന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലനെതിരെ ആരോപണം ഉന്നയിച്ചു.  

22 കൊല്ലം മുമ്പു കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്തു പോറ്റി അവിടെ കയറിയെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.


ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ, എന്നു പരിഹാസ രൂപേണ കെ.സി വേണുഗോപാല്‍ മറുപടിയും നല്‍കി. എസ്.ഐ.ടി മുഖ്യമന്ത്രിയുടെ കൈയില്‍ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കില്‍ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ.


മുഖ്യമന്ത്രിയെ ഓര്‍ത്തു സഹതപിക്കാനേ കഴിയുന്നുള്ളൂ. പോറ്റി ജോലിയുമായി ബന്ധപ്പെട്ടു ശബരിമലയില്‍ കയറിയത് 2007ലെന്ന വിവരം എസ്.ഐ.ടിക്ക് മുന്നിലുണ്ട്.

അന്നാരാണു ദേവസ്വം മന്ത്രിയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചിക്കുകയും ചെയ്തു. ഇതോടെ വരും ദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുമെന്നുറപ്പായി.

Advertisment