കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വിഎന്‍ വാസവന്‍. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.
വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും.
1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാസൗകര്യവും ഒരുക്കും.
സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്‌നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും.
ഫയര്‍ഫോഴ്സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.