/sathyam/media/media_files/2024/12/26/zTCVyJ7aAle8ZPmTPxox.jpg)
പത്തനംതിട്ട: കാനന പാത വഴി അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് നൽകിയിരുന്ന പാസ് നിർത്തലാക്കി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം എ. അജികുമാർ വ്യക്തമാക്കി.
5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം. ഇന്നലെ മാത്രം 22000 പേരാണ് കാനന പാത വഴി സന്നിധാനത്ത് എത്തിയത്. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കായിരുന്നു പാസ് നൽകിയിരുന്നത്.
മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസുമായി അയ്യപ്പഭക്തർ പുതുശ്ശേരി താവളത്തിൽ എത്തണമായിരുന്നു. ഇവിടെ നിന്ന് സീൽ വാങ്ങി വലിയാനവട്ടം താവളത്തിൽ എത്തി എക്സിറ്റ് സീൽ വാങ്ങുകയാണ് ചെയ്തിരുന്നത്.
അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തർക്ക് ക്യൂ നിൽക്കാതെ ദർശനം നൽക്കുന്നതിന് വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.