/sathyam/media/media_files/2025/01/20/yWgMjiQKOwFKhQZ5apbP.jpg)
ശബരിമല: മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. രാത്രി അത്താഴ പൂജയോടെ ദർശനം പൂർത്തിയായി.
മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും ഇന്നലെ നടന്നു.
അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും പരിവാരങ്ങളുമെത്തി.
പിന്നാലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു.വി.നാഥ്, സോപാനം സ്പെഷൽ ഓഫിസർ ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവരും മണിമണ്ഡപത്തിനു മുൻപിലെത്തിയതോടെ ചടങ്ങുകൾ തുടങ്ങി.
കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി.
റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തിൽ ജെ.അജിത്കുമാർ, ജെ.ജയകുമാർ, രതീഷ് കുമാർ എന്നിവർ കാർമികത്വം വഹിച്ചു.
ഗുരുതി നടത്തിയ കർമികൾക്കു രാജപ്രതിനിധി ദക്ഷിണ നൽകി. പന്തളത്തുനിന്നെത്തിയ തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങും.
തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജ വർമ്മയുടെ ദർശനത്തിനുശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കിയശേഷം നടയടയ്ക്കും.
പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോൽ കൂട്ടവും പണക്കിഴിയും കൈമാറും.
ഇവ രണ്ടും മടക്കി നൽകി ശബരിമലയിലെ പൂജകൾ അടുത്ത തീർത്ഥാടനകാലംവരെ തുടരാൻ നിർദ്ദേശിച്ച് തിരുവാഭരണത്തിനൊപ്പം അദ്ദേഹം മടക്കയാത്ര ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us