New Update
/sathyam/media/media_files/he9UyiqDYp2svncRB6rl.jpg)
തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് നടന്ന ശബരിമല യുവതീപ്രവേശനത്തിൻ്റെ പാപക്കറ കഴുകിക്കളയാൻ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻസംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. ലോകത്ത് ആകെയുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിച്ചാണ് സംഗമം സംഘടിപ്പിക്കുകയെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.
3000 പേരെ ഔദ്യോഗികമായി സർക്കാർ ക്ഷണിക്കുമെന്നും സെപ്റ്റംബർ മധ്യത്തോടെ ശബരിമലയിൽ സംഗമം നടക്കും എന്നുമാണ് ദേവസം മന്ത്രി വി എൻ വാസവൻ അറിയിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് ശബരിമലയിൽ യുതിപ്രവേശന വിവാദം ഉണ്ടായപ്പോൾ അതിനെ അനുകൂലിക്കുന്ന തരത്തിൽ സർക്കാർ നീങ്ങിയത് എൽഡിഎഫിനും സിപിഎമ്മിനും കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
വിശ്വാസി സമൂഹത്തിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരടക്കം സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷ വിമർശനത്തിന് ഇരയാക്കിയിരുന്നു. തൊട്ടു പിന്നാലെ നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ മിന്നുന്ന ഭൂരിപക്ഷത്തിൽ സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചു കയറുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അവലോകന യോഗത്തിൽ സിപിഎം ഇക്കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് പാർട്ടി സംസ്ഥാനതാകെ ഗ്രഹ സമ്പർക്കം സംഘടിപ്പിച്ച വിശ്വാസി സമൂഹത്തിൽ ഉണ്ടായ ആശയ കുഴപ്പം പരിഹരിക്കാനും ശ്രമം നടത്തി.
നിലവിൽ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന ഭരണ വിരുദ്ധ വികാരം സിപിഎമ്മിനെയും സർക്കാരിനെയും വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതിന് പുറമേ ന്യൂനക്ഷങ്ങൾ ക്കിടയിൽ രൂപപ്പെട്ടിട്ടുള്ള സി.പി.എം വിരുദ്ധ വികാരവും പാർട്ടിയും എൽഡിഎഫും വിലയിരുത്തി കഴിഞ്ഞു. സംസ്ഥാനത്തെ പ്രബല ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും വിവിധ കാരണങ്ങൾ കൊണ്ട് സിപിഎമ്മിന് വിരുദ്ധമായ ചേരിയിലേക്ക് നീങ്ങുകയാണെന്ന് യാഥാർത്ഥ്യമാണ് പാർട്ടിയെയും എൽഡിഎഫിനെയും ആശങ്കയിലാഴ്ത്തുന്നത്.
ഇതിനെ മറികടക്കാൻ ഭൂരിപക്ഷ ധ്രുവീകരണം നടക്കണമെന്ന സിപിഎം വിലയിരുത്തലാണ് ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലുള്ളതെന്ന ആരോപണമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തുന്നത്.
സംസ്ഥാനത്ത് മൂന്നാം ശക്തിയായി ബിജെപി വളർന്നുവരുന്നതും സിപിഎം ഗൗരവപൂർവ്വം വിലയിരുത്തുന്നുണ്ട്.
സിപിഎമ്മിൻ്റെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. എക്കാലത്തും സിപിഎമ്മിന് ഒപ്പം നിന്നിട്ടുള്ള ഈഴവ വിഭാഗം പാർട്ടിയിൽ നിന്ന് പൊതുവേ അകന്നത് ശബരിമല യുവതി പ്രവേശന വിവാദത്തോടെ ആണെന്നും ഈ വിടവ് പരിഹരിക്കാൻ പാർട്ടിയും സർക്കാരും നടപടി സ്വീകരിക്കണമെന്നും മുമ്പ് തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ഇതുകൂടി കണക്കിലെടുത്താണ് ഇത്തരമൊരു അയ്യപ്പ സംഗമം സർക്കാർതലത്തിൽ തന്നെ സംഘടിപ്പിക്കാൻ തീരുമാനമായിട്ടുള്ളതെന്നും കരുതപ്പെടുന്നു.