തിരഞ്ഞെടുപ്പ് വർഷത്തിൽ തിരിച്ചടി ഒഴിവാക്കാൻ ശബരിമല യുവതിപ്രവേശന വിഷയത്തിൽ നിലപാട് തിരുത്താൻ സർക്കാർ നീക്കം. സുപ്രീംകോടതിയിലെ മുൻ നിലപാടിൽ നിന്ന് ദേവസ്വം ബോർഡ് പിൻവാങ്ങാൻ തയ്യാറെന്ന് സൂചന. നിലപാട് തിരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് പരിവാർ സംഘടനകൾ. ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായുള്ള മാറ്റം വിവാദമാകുന്നു

New Update
sabarimala.1.406246

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വർഷത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കുക ലക്ഷ്യമിട്ട്  ശബരിമല ക്ഷേത്രത്തിലെ യുവതിപ്രവേശന വിഷയത്തിലെ നിലപാട് തിരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രംഗത്തിറക്കാൻ സർക്കാർ.

Advertisment

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നിണിക്ക് നേരെ ഉയർന്ന ജനരോഷം ആവ‍ർത്തിക്കാതെ നോക്കുന്നതിന് വേണ്ടിയാണ് യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന പഴയ നിലപാട് തിരുത്താൻ ദേവസ്വം ബോർഡിനെ കളത്തിലിറക്കുന്നത്.


സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം വന്നതിന് പിന്നാലെ, സുപ്രിംകോടതി വിധിയെ തുടർന്ന്  ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാടിൽ നിന്ന് പിൻമാറുമെന്ന സൂചന നൽകി  ദേവസ്വം ബോർഡ് രംഗത്തെത്തി.


സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ  നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന്  ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സുപ്രീം കോടതിയെ അറിയിക്കും.ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോർഡിൻെറ നിലപാടെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

pathanamthitta sabarimala

ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായാണ് നിലപാട് മാറ്റം വ്യക്തമാക്കി ദേവസ്വം ബോർഡ് രംഗത്ത് വന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ വാദം നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ്,  ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുൻപ് പഴയ നിലപാട് തിരുത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുളള സംഘ് പരിവാർ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.


യുവതി പ്രവേശനത്തെ അനുകൂലിത്ത് കോടതിയിൽ സത്യ വാങ്മൂലം നൽകിയവർ അയ്യപ്പൻെറ പേരിൽ ആഗോള സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നായിരുന്നു പരിവാർ സംഘടനകളുടെ വിമർശനം.


ഈ വിമർശനത്തിന് അയ്യപ്പ ഭക്തർക്ക് ഇടയിൽ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സർക്കാർ യുവതി പ്രവേശന വിഷയത്തിലെ പഴയ നിലപാട് തിരുത്താൻ ദേവസ്വം ബോർഡിനെ കളത്തിലറക്കുന്നത്.

സർക്കാർ പിന്തുണയോടെ കനക ദുർഗ എന്ന സ്ത്രീക്കൊപ്പം ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയ ബിന്ദു അമ്മിണിയെ അയ്യപ്പ സംഗമത്തിന് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ഇത് ഭക്തരുടെ സംഗമമാണെന്നായിരുന്നു ദേവസ്വം മന്ത്രി വി.എൻ.വാസവൻ കഴിഞ്ഞ ദിവസം നൽകിയ മറുപടി.ബിന്ദു അമ്മിണിയെ ശബരിമലയിലെത്തിച്ച സർക്കാരിൽ നിന്നുതന്നെയുണ്ടായ ഈ മറുപടിയും നിലപാട് മാറ്റത്തിൻെറ സൂചനയാണ് നൽകിയത്.

സെപ്റ്റംബർ 20ന് പമ്പയിൽ വെച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്.രാജ്യത്തിന് അകത്തും പുറത്തും ഉളള 3000 അയ്യപ്പ ഭക്തരെ സംഗമത്തിൽ പങ്കെടുപ്പിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ അറിയിപ്പ്.സംസ്ഥാനത്ത് നിന്ന് 800 പ്രതിനിധികളെയാണ് പങ്കെടുപ്പിക്കുക.


ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നായി 750 പ്രതിനിധികളെയാണ് പങ്കെടുപ്പിക്കുക. 500 വിദേശ പ്രതിനിധികൾക്കും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അവസരം നൽകും.


വെർച്വൽ ക്യൂ വഴിയാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രതിനിധികൾ ബുക്ക് ചെയ്യേണ്ടത് ബുക്കിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് തീരുമാനം. ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകളുടെ പിന്തുണയുണ്ടെങ്കിലും വിവാദങ്ങളും വിമർശനങ്ങളും

കടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിലാണ്. പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിനെതിരെ  വിമർശനവുമായി  രംഗത്തെത്തി.

2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം, യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയെ അറിയിച്ച നിലപാട് തിരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാരിനെ കുഴക്കുന്നത്.

അഗോള സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കും.ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റാണ്  ഹർജി നൽകിയത്.

Advertisment