/sathyam/media/media_files/2025/11/18/sabarimala-share-image-2025-11-18-11-43-21.jpg)
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിച്ചതോടെ അപകടങ്ങളും വര്‍ധിച്ചു. ആദ്യ ദിവസം തന്നെ അര ഡസനോളം തീര്‍ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങി പോകുന്നതാണ് അപകടം ഉണ്ടാകാന്‍ കാരണം. ഇന്നലെ തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി റോഡില്‍ നിന്ന് പാഞ്ഞ് മതില്‍ ഇടിച്ചു തകര്‍ത്തു.
പെട്ടന്ന് ഓടി മാറിയാണ് റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. മറ്റു അപകടങ്ങളും സമാന രീതിയില്‍ ഉള്ളതായിരുന്നു.
ദീര്‍ഘ ദൂര യാത്ര ചെയ്ത് എത്തുമ്പോള്‍ ക്ഷീണം കാരണം ഡ്രൈവര്‍ ഉറങ്ങി പോകുന്നത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു.
ശബരിമല തീർഥാടകൾ എത്തുന്ന പാതകളിലും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതുവരെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ അധികൃതര്‍ ഇത്തവണ ചെയ്തിട്ടില്ല.
സംസ്ഥാനപാതാ വികസന ഭാഗമായി ഏതാനും വര്‍ഷം മുമ്പ് ആധുനിക നിലവാരത്തില്‍ വീതി കുട്ടി ടാറിംഗ് നടത്തിയ റോഡിന്റെ ഒരു കുഴപ്പവുമില്ലാത്ത ചില ഭാഗങ്ങളില്‍ അടുത്തിടെ റീടാറിങ് നടത്തിയിടത്ത് ഇതുവരെ റോഡിലെ അടയാളവരകളോ റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിട്ടില്ല. ഇത് വന്‍ അപകടഭീഷണിയാണ്.
പൈക മുതല്‍ എലിക്കുളം വരെയുള്ള റോഡ് അടുത്തിടെ റീടാറിങ് നടത്തി. ഇവിടെ അടയാളവരകള്‍ സ്ഥാപിച്ചില്ല. ഇരുവശത്തെയും നടുവിലെയും വരകളില്‍ റിഫ്‌ളക്ടറുകളുണ്ടായിരുന്നത് വഴിയുടെ വീതി കൃത്യമായി മനസിലാക്കാന്‍ ഡ്രൈവര്‍മാരെ സഹായിച്ചിരുന്നു. ഇപ്പോള്‍ പകലും രാത്രിയും റോഡിന്റെ മധ്യഭാഗം തിരിച്ചറിയാതെ ദിശ തെറ്റി വാഹനങ്ങള്‍ ഓടുന്നുണ്ട്.
അന്യസംസ്ഥാനത്തുനിന്നുള്ള ഡ്രൈവര്‍മാര്‍ ഹൈവേ ആയതിനാല്‍ അതിവേഗത്തിലാണ് വാഹനമോടിക്കുന്നത്. എന്നാല്‍ വളവുകളും ഇറക്കവും കയറ്റവുമുള്ള പാതയില്‍ അതിവേഗവും അശ്രദ്ധമായ മറികടക്കലും അപകടങ്ങള്‍ക്കിടയാക്കുമെന്നതാണ് മുന്‍ അനുഭവങ്ങള്‍.
മുന്‍പ് തീവ്രപ്രകാശമുള്ള സൗരോര്‍ജ വഴിവിളക്കുകളുണ്ടായിരുന്നു. 21 കിലോമീറ്റര്‍ റോഡിലെ ഇത്തരം നാനൂറോളം വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമാണ്.
പഞ്ചായത്തുകള്‍ സ്ഥാപിച്ച സാധാരണ എല്‍ഇഡി വിളക്കുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതാവട്ടെ സ്ഥാപിച്ച തൂണിനുതാഴെ മാത്രം വെളിച്ചമുള്ളവയാണ്.
ഇരുവശത്തേക്കും വാഹനങ്ങളോടുമ്പോള്‍ ഡിം ചെയ്തില്ലെങ്കില്‍ വഴിവിളക്കിന്റെ പ്രകാശക്കുറവുമൂലം വഴിയാത്രക്കാരെ ഡ്രൈവര്‍മാര്‍ കാണില്ല.
വഴിയരികില്‍ ഉടനീളം താത്കാലിക കടകളാണ്. ഇത്തരം സ്ഥലങ്ങളിലെല്ലാം ടാറിങ്ങിനോട് ചേര്‍ന്ന് വാഹനം നിര്‍ത്തിയിട്ട് ആള്‍ക്കാര്‍ കടകളില്‍ കയറുന്നത് പതിവാണ്.
ഇടറോഡുകള്‍ ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇങ്ങനെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമൂലം തിരിഞ്ഞുകയറുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഹൈവേയിലെ വാഹനങ്ങള്‍ കാണാനാവില്ല.
പിപി റോഡില്‍ ചില മേഖലകളില്‍ തടി ലോഡിങ്ങ് നടത്തുന്നതും രാത്രിയില്‍ തടിലോറികള്‍ നിരയായി നിര്‍ത്തിയിടുന്നതും അപകടത്തിനിടയാക്കും.
പൊന്‍കുന്നം പട്ടണത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം രാത്രി റോഡിന്റെ ഇരുവശത്തും ബസുകള്‍ പാര്‍ക്കുചെയ്യുന്നുണ്ട്. ഇത് ഒരുവശത്തുമാത്രമാക്കി പരിമിതപ്പെടുത്തുകയും വേണം.
അതേസമയം, അത്യാഹിത സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ശബരിമല തീര്‍ഥാടകര്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റവന്യൂ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്കു ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
ജനുവരി 20 വരെ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍ : 85479 85727. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാവും. സന്നദ്ധ സംഘടന അംഗങ്ങളുടെ സേവനവും കണ്‍ട്രോള്‍ റൂമിലെ ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us