/sathyam/media/media_files/2025/11/26/1001434555-2025-11-26-13-33-18.webp)
കോട്ടയം: ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും തഹസീൽദാരും തിരഞ്ഞെടുപ്പ് ജോലികളിലേക്ക് പോയി.
ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കൽ നടപടികൾ മുടങ്ങി. തെരഞ്ഞെടുപ്പ് കഴിയാതെ ഉദ്യോഗസ്ഥർ ജോലിക്ക് മടങ്ങിയെത്തില്ല.
ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കൽ നടപടികൾ നിലച്ചിരിക്കുകയാണ്.
എസ്റ്റേറ്റിന് പുറത്തുള്ള ഭൂമി അളവ് പൂർത്തിയായി. 121.87 ഹെക്ടർ ഭൂമി പരമ്പരാഗത രീതിയിലാണ് അളന്നത്. ജൂലായ് അഞ്ചിനാണ് സർവേ തുടങ്ങിയത്.
സർവേസംഘത്തിൽ ആളുകൾ കുറവായതും മഴയും ജോലികൾ വൈകിപ്പിച്ചെങ്കിലും സർവേ ജോലികൾ പൂർത്തിയായി.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയുടെ സർവേ പൂർത്തിയാകാനുണ്ട് ഭൂമി മുഴുവനായി ഏറ്റെടുക്കുന്നതിനാൽ പുതിയ അളവെടുക്കൽ വേണ്ടെന്നാണ് സർക്കാരിന് ലഭിച്ച സാങ്കേതിക ഉപദേശം. എസ്റ്റേറ്റിനുള്ളിൽ സർക്കാർ നേരത്തെ നടത്തിയ ഡിജിറ്റൽ സർവേപ്രകാരമുള്ള ഭൂമിയുടെ അളവ് ചേർക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഡിജിറ്റൽ സർവേ വിവരം ഉപയോഗിക്കുന്നതിന് ട്രസ്റ്റ് എതിർപ്പ് പറഞ്ഞാൽ ഉള്ളിൽകടന്ന് പുതിയ അളവ് നടത്തേണ്ടിവരും. അതിനും പക്ഷേ, അവരുടെ അനുമതി വേണ്ടിവരും. അതിനെല്ലാം അധികം സമയമെടുക്കും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസ് പാലാ കോടതിയിലും, സാമൂഹികാഘാതപഠനത്തിന് എതിരേയുള്ള കേസ് ഹൈക്കോടതിയിലും നിലനിൽക്കുന്നതിനാൽ തുടർ നടപടികൾ കോടതി കയറാനും സാധ്യതയുണ്ട്. അളവ് പൂർത്തിയാക്കിയ സ്വകാര്യഭൂമിക്ക് രേഖകൾ തയ്യാറാക്കലാണ് ഇനിയുള്ള ജോലി. ഓരോ വ്യക്തിയുടെയും എത്ര അളവ് ഭൂമി എടുക്കുന്നുവെന്ന് അറിയണം. അതിലെ കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയുടെ വിവരവും ശേഖരിക്കണം. ഇതനുസരിച്ചാകും നഷ്ടപരിഹാരം നിശ്ചയിക്കുക.
ഇതിനായി പൊതുമരാമത്ത് വകുപ്പ്, കൃഷിവകുപ്പ്, റബർബോർഡ് എന്നിവയുടെ സഹകരണം തേടിയിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ എല്ലാം തെരഞ്ഞെടുപ്പ് തിരക്കിലായതോടെ ഈ പ്രവർത്തനങ്ങളും നടന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us