ശബരിമല വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കല്‍ നടപടി അതിവേഗത്തിലാക്കാന്‍ സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടമായി വിമാനത്താവളം അവതരിപ്പിക്കും. ഭൂമി ഏറ്റെടുക്കേണ്ടി വരുക പൊന്നും വിലയ്ക്ക്

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ അതി വേഗം മുന്നോട്ട്. 2570 ഏക്കര്‍ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്

New Update
airport-1733480826

കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ അതി വേഗം മുന്നോട്ട്. 2570 ഏക്കര്‍ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. 2363 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റിന്റെയും 307 ഏക്കര്‍ വിവിധ വ്യക്തികളുടെതുമാണ്.

Advertisment

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചിരുന്നു. തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കാണു കൈമാറിയത്.

വിദഗ്ധ സമിതി

റിപ്പോര്‍ട്ട് പഠിച്ച ശേഷം ശിപാര്‍ശ സമര്‍പ്പിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കണം. പദ്ധതിയിലുള്‍പ്പെട്ടവരുമായികൂടിക്കാഴ്ച നടത്തി ഇവര്‍ സര്‍ക്കാരിനു ശുപാര്‍ശ കൈമാറണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളും ഊജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ശബരിമല വിമാനത്താവളത്തിനു പിന്തുണ അറിയിച്ചുകൊണ്ട് സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ശബരിമല തീര്‍ഥാടകര്‍ക്കു പ്രയോജനകരമായ പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം.


 പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇതു മധ്യ തിരുവതാംകൂറിന്റെ വികസനത്തിനു ഗതിവേഗം പകരും. കേരളത്തിന്റെ ടൂറിസം വളര്‍ച്ചക്കും ഗുണം ചെയ്യും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ പിന്തുണ അറിയിക്കുന്നതായി പ്രമേയത്തില്‍ വ്യക്തമാക്കുന്നു

ഇതിനിടെ വയനാട് ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണു ചെറുവള്ളി ഭൂമി ഏറ്റെടുക്കല്‍ വീണ്ടും സജീവമായത്. 


വയനാട്ടിലെ ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടായ ഹൈകോടതി വിധി ചെറുവള്ളിക്കും ബാധകമാണ്. 1947 നു മുമ്പു വയനാട്ടിലെ നെടുമ്പാല എസ്റ്റേറ്റും എല്‍സ്റ്റന്‍ എസ്റ്റേറ്റും ഹാരിസന്‍സ് കമ്പനിയുടെ പാട്ട ഭൂമിയാണ്. അതുപോലെയാണു ചെറുവള്ളി എസ്റ്റേറ്റിന്റെയും അവസ്ഥ.



വയനാട്ടില്‍ പാട്ട ഭൂമിയുടെ ഉടമസ്ഥതാവാകാശ തര്‍ക്കം സിവില്‍ കോടതിയില്‍ നില്‍ക്കേ പൊന്നും വില നല്‍കാമെങ്കില്‍ ചെറുവള്ളിയിലും അതേ മാതൃക സ്വീകരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുട അഭിപ്രായം.

 ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ കമ്പനി കൈമാറിയതു ഗോസ് പല്‍ ഫോര്‍ ഏഷ്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റിക്ക് ആയിരുന്നു. ചെറുവള്ളിക്കായി ഇപ്പോള്‍ കോടതി കയറുന്നത് അയന ചാരിറ്റബിള്‍ സൊസൈറ്റി ആണ്.


കോസ് നിലനില്‍ക്കെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ചെറുവള്ളിയിലെ ഭൂമി അയന ചാരിറ്റബിള്‍ സൊസൈറ്റിക്കു കൈമാറി. അതിനാല്‍ വയനാട്ടിലേതു പോലെ ഭൂമിക്കു പൊന്നും വില നല്‍കണമെന്ന് അവര്‍ കോടതിയില്‍ ആവശ്യപ്പെടും. 


നിലവിലുള്ള ഹൈകോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അവര്‍ക്കും പൊന്നു നല്‍കേണ്ടിവരും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എതിര്‍ക്കാനാവില്ല.

ഇവര്‍ കൈവശം വെച്ചിരിക്കുന്ന പാട്ട ഭൂമിക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് 2014 ല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടെന്നാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുതിയ വിധിന്യായത്തില്‍ വ്യക്തമാക്കിയത്. ഈ വിധി തിരുത്താത്തിടത്തോളം കാലം ചെറുവള്ളി എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവര്‍ക്കു പൊന്നും വില നല്‍കേണ്ടിവരും.


പൊന്നും വില നല്‍കി ഭൂമി ഏറ്റെടുത്താലും ശബരിമല വിമാനത്താവളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടമായി അവതരിപ്പിക്കാന്‍ എല്‍ഡിഎഫിന്  കഴിയും.



 വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വിട്ടുവീഴ്ച നല്‍കാം എന്ന അഭിപ്രായം ഇടതുപക്ഷത്ത് ശക്തമാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പച്ചക്കൊടി കാണിച്ചതിനാലാണു നടപടി വേഗത്തിലായത്. 

അതേസമയം, ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നു സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. 481 കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക. 


242 കുടുംബങ്ങള്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലും 238 തൊഴിലാളികളും അവരുടെ കുടുംബങ്ങളും ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലും താമസിക്കുന്നു. ഒരു കുടുംബം വാടക വീട്ടിലാണു താമസിക്കുന്നത്.


ഭൂമി ഏറ്റെടുത്താല്‍ കഴിയുന്നത്ര വേഗം നഷ്ടപരിഹാരം കൈമാറണം. പദ്ധതി പ്രദേശത്തുനിന്ന് മാറിത്താമസിക്കേണ്ടി വരുന്നത് കഠിനമായ പ്രത്യാഘാതമായി പരിഗണിച്ച് അവര്‍ക്കു മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 


പക്ഷേ, കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാരിനു വെല്ലുവിളിയാകും. ഇതിനുള്ള തുക കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രതിസന്ധി.


 

Advertisment