/sathyam/media/media_files/2025/11/22/sabarimala-annadanam-3-2025-11-22-20-46-24.jpg)
പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്.
പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നടതുറന്നശേഷം ശനിയാഴ്ച വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.
മൂന്നുനേരമായാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറു മുതല്‍ 11 മണി വരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും.
ഉച്ചയ്ക്ക് പന്ത്രണ്ടിനാരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, അച്ചാര്‍ എന്നിവയാണ് ഉച്ചയ്ക്ക് വിളമ്പുന്നത്. വൈകീട്ട് 6.45 മുതലാണ് അത്താഴവിതരണം. ഇത് നട അടയ്ക്കുന്നതുവരെ തുടരും. കഞ്ഞിയും പുഴുക്കു(അസ്ത്രം)മാണ് നല്‍കുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/22/sabarimala-annadanam-2-2025-11-22-20-46-45.jpg)
മാസ പൂജയ്ക്കടക്കം നട തുറക്കുന്ന ദിവസങ്ങളിലെല്ലാം അന്നദാനമുണ്ട്. മകരവിളക്കിന് പ്രത്യേക സൗകര്യവുമൊരുക്കും. ഇത്രയധികം ഭക്തരെത്തുമ്പോഴും യാതൊരു പരാതിയുമില്ലാതെ വൃത്തിയോടെ ഭക്ഷണം നല്‍കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അന്നദാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു.
പാചകത്തിനും വിളമ്പുന്നതിനും ശുചീകരണത്തിനുമായി 235 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഭക്തര്‍ കഴുകിവെയ്ക്കുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് വീണ്ടും ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കും.
ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഇവിടെ തിരക്കു കൂടുന്നതനുസരിച്ച് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ് ശബരിമലയിലേത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us