/sathyam/media/media_files/2025/11/18/sabarimala-2025-11-18-08-22-58.jpg)
കോട്ടയം: ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക.
ഹൃദയാഘാതം മൂലം മാത്രം ഒന്‍പതോളം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. ഇന്നും പതിനെട്ടാം പടികയുന്നതിനിടെ കുഴഞ്ഞു വീണ തീര്‍ഥാടകനെ ആശുപത്രിയിലേക്കു എത്തിക്കുന്നതിനിടെ മരിച്ചിരുന്നു.
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഓരോ സീസണിലും ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. രണ്ട് മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സീസണിനിടെ കുറഞ്ഞത് 150 പേരിലെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ഇതില്‍ ശരാശരി 40-42 സംഭവങ്ങള്‍ മരണത്തില്‍ കലാശിക്കാറുമുണ്ട്. വ്യക്തികള്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്യുന്ന പ്രവണതയാണു കൂടുതലായി കണ്ടുവരുന്നത്.
എന്നാല്‍, മരണസംഖ്യയുടെ ഇരട്ടിയിലധികം ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കാറുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു.
തീര്‍ഥാടകര്‍ മലകയറുമ്പോള്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിനു മുന്‍പു തന്നെ നടത്തം ഉള്‍പ്പടെയുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതു ഫലപ്രദമാകുമെന്ന് ആരോഗ്യവകുപ്പു നിര്‍ദേശിക്കുന്നത്.
മലകയറുന്ന വേളയില്‍ ക്ഷീണം അനുഭവപ്പെട്ടാല്‍ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക.
ആവശ്യമെങ്കില്‍ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കല്‍ യൂണിറ്റുകളിലെ ഓക്സിജന്‍ സിലിണ്ടര്‍ സേവനം പ്രയോജനപ്പെടുത്തണം.
അയ്യപ്പന്മാര്‍ മലകയറ്റത്തിനു മുന്‍പു ലഘുഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ സോഡാ പാനീയങ്ങള്‍ ഒഴിവാക്കി ചൂട് വെള്ളം മാത്രം കുടിക്കണം.
മലകയറുന്നതിനു മുന്‍പ് എന്തെങ്കിലും ശാരീരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍, ഉടന്‍ തന്നെ ചികിത്സ നേടണം.
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്തു നിര്‍ത്തരുത്. യാത്രയില്‍ മരുന്നു കുറിപ്പടികള്‍ കൈവശം കരുതുകയും വേണം. സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കണം. പേശിവലിവ് ഒഴിവാക്കുന്നതിനു ധാരാളം വെള്ളം കുടിക്കുകയാണ് മാര്‍ഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us