/sathyam/media/media_files/8y2L8q8qVD0SdREtwbMk.jpg)
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്.
മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്.
പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു.
പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയായതോടെ തിരക്ക് ഇനിയും കൂടും.
കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.
അരവണയ്ക്ക് നിയന്ത്രണം
കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്.
15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുന്‍പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രയാണ്.
ആപത്തുകൂടാതെ മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സ്വാമിയോടുള്ള പ്രാര്‍ഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us