ശബരിമലയിലെ സ്വ‌ർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയിൽ കേരളം ഞെട്ടുമോ? ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും പൊതിഞ്ഞത് 30.29കിലോ സ്വർണത്തിന്. പാളികൾ ഇളക്കിയെടുത്ത് പുറത്ത് കോടികൾക്ക് വിറ്റശേഷം ചെമ്പിൽ പുതിയ പാളിയുണ്ടാക്കി സ്വർണം പൂശി തിരിച്ചെത്തിച്ചെന്ന് സംശയം. പാളികളുടെ കാലപ്പഴക്കം നിർണയം നിർണായകമാവും. ഉന്നതന്മാരുടെ കള്ളപ്പണ ഇടപാടുകൾ തേടി ഇ.ഡിയും വരുന്നു

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവച്ച പകർപ്പ് കൈമാറണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഇ.ഡിയുടെ ആവശ്യം നേരത്തേ റാന്നി മജിസ്ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു.

New Update
1001414699

തിരുവനന്തപുരം: ശബരിമലയിലെ സ്വ‌ർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുമ്പോൾ സ്വർണക്കൊള്ളയുടെ വ്യാപ്തി കേരളത്തെ ഞെട്ടിപ്പിക്കുന്ന തരത്തിൽ ഉയരുമെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.

Advertisment

 ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 1998-99 ൽ 30.291 കിലോഗ്രാം സ്വർണം കൊണ്ട് പൊതിഞ്ഞതാണ്.

 എന്നിട്ടും ഇത് ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചെന്നാണ് ഇതുവരെയുള്ള കേസുകൾ.

എന്നാൽ സ്വർണം പൊതിഞ്ഞ ഒറിജിനൽ സ്വർണപ്പാളികളും ശ്രീകോവിലിന്റെ കട്ടിളയും വാതിലുമൊക്കെ ഇളക്കിയെടുത്ത് വമ്പന്മാർക്ക് വിറ്റ ശേഷം പുതിയ അച്ചുണ്ടാക്കി ചെമ്പിൽ പുതിയ പാളികൾ ഉണ്ടാക്കിയെടുത്ത് സ്വർണം പൂശി തിരിച്ചെത്തിച്ചതാണോ എന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്.

ശബരിമലയിലെ സ്വർണപ്പാളികളുടെ പഴക്കം നിർണയിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ഇനി നടത്തുക.

 ഇതിനായാണ് സാമ്പിളുകൾ ശേഖരിച്ചത്. പുതിയ പാളികളാണെന്ന് കണ്ടെത്തിയാൽ സ്വർണക്കൊള്ളയുടെ വ്യാപ്തി ഇനിയും ഉയരും.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിച്ചത്. 

ശ്രീകോവിലിന്റെ കട്ടിളയുടെ ഇരുവശങ്ങളിലെ ചെമ്പിൽ സ്വർണ്ണം പൂശിയ പാളികൾ, ദ്വാരപാലക ശില്പത്തിന്റെ പീഡങ്ങൾ, ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് മൂലയിലെ പില്ലർ പാളി എന്നിവ ഇളക്കിയെടുത്ത് ഇവയുടെ അളവും തുക്കവും പരിശോധിച്ച ശേഷം സന്നിധാനത്തെ എക്സിക്യൂട്ടിവ് ഓഫീസിലേക്ക് മാറ്റി.

തുടർന്ന് ഇവയിൽ നിന്ന് വിദഗ്ധർ കെമിക്കൽ പരിശോധനയ്ക്കായ് സാമ്പിളുകൾ ശേഖരിച്ചു.

പാളികളിൽ പൂശിയിരിക്കുന്ന സ്വർണത്തിന്റെ മാറ്റും തൂക്കവും കണ്ടെത്തുകയാണ് എസ്.ഐ.ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. 

തെളിവ് ശേഖരണത്തിന്റെ ഓരോ ഘട്ടങ്ങളുടെയും ഫോട്ടോ, വീഡിയോ ദൃശ്യങ്ങളും സംഘം പകർത്തി.

സെപ്തംബർ 7ന് സന്നിധാനത്തു നിന്നും ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയഷനിൽ എത്തിച്ച് സ്വർണംപൂശീയ ശേഷം തിരികെ ദ്വാരപാലക ശില്പങ്ങളിൽ ചേർത്തു വെച്ച 12 സ്വർണപാളികൾ പ്രത്യേക സംഘം ഇളക്കി പരിശോധിച്ചില്ല.

 സ്വർണം പൂശാനായി ഇളക്കി പാളികളുടെ ആകെ ഭാരം 22. 833 കിലോഗ്രാമും സ്വർണത്തിന്റെ അളവ് 281.200 ഗ്രാമും ആയിരുന്നു.

അറ്റകുറ്റപ്പണികൾക്ക് ശേഷം തിരികെ എത്തിച്ചപ്പോൾ 12 പാളികളുടെ ആകെ ഭാരം 22.876കിലോ ഗ്രാമും അതിൽ സ്വർണ്ണത്തിന്റെ ഭാരം 290. 902 ഗ്രാമും ആയി. സ്വർണ്ണത്തിന്റെ ഭാരം 9. 702 ഗ്രാം കൂടി.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സ്വർണത്തിന്റെയും ചെമ്പിന്റെയും തൂക്കം കൃത്യമായി രേഖപ്പെടുത്തിയ മഹസർ തയ്യാറാക്കിയിരുന്നതിനാലാണ് ഇവ സംഘം ഇളക്കി പരിശോധിക്കാതിരുന്നത്. ‍

നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നതിന് രണ്ട് കേസുകളാണെടുത്തിട്ടുള്ളത്.

 സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇതിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചു.

  വിവിധയിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ നഷ്ടമായ സ്വർണത്തിന്റെ യഥാർത്ഥ കണക്ക് വെളിപ്പെടും.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അന്യസംസ്ഥാനത്ത് മുറിച്ചു വിറ്റ ശേഷം ചെമ്പിൽ പുതിയ പാളിയുണ്ടാക്കി സ്വർണം പൂശി തിരിച്ചെത്തിച്ചെന്ന് എസ്.ഐ.ടി സംശയിക്കുന്നുണ്ട്.

  ഇക്കാര്യം ശാസ്ത്രീയമായ പരിശോധന നടത്തി ഉറപ്പിക്കാൻ കഴിയും.

അതിനിടെ, കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങിയിട്ടുണ്ട്.

 ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവച്ച പകർപ്പ് കൈമാറണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഇ.ഡിയുടെ ആവശ്യം നേരത്തേ റാന്നി മജിസ്ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു.

 സ്വർണക്കൊള്ളയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലായതിനാലാണ് മജിസ്ട്രേറ്റ് കോടതി ഇ.ഡിയുടെ ആവശ്യം തളളിയത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണമാവും ഇ.ഡി നടത്തുക.

ഇതിൽ ഉന്നതരുടെയടക്കം പങ്ക് പുറത്തുവരുമെന്നാണ് വിലയിരുത്തൽ.

Advertisment