ശബരിമല സ്വർണ്ണക്കൊള്ള. വാസുവിന് പിന്നാലെ പത്മകുമാറിനും കുരുക്ക്. കടുത്ത പ്രതിരോധത്തിൽ സി.പി.എം. പത്മകുമാറിൻ്റെ അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചന. കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം രാഷ്ട്രീയമായി വെട്ടിലാക്കുന്നത് സി.പി.എമ്മിനെ. തദ്ദേശ ത്തിരഞ്ഞെടുപ്പിൽ വിഷയം തിരിച്ചടിയാകുമെന്ന് ആശങ്ക.അന്വേഷണ സംഘത്തെ നിയന്ത്രിക്കാനാവാതെ മുഖ്യമന്ത്രിയും പാർട്ടിയും

പത്മകുമാർ ബോർഡ് പ്രസിഡന്റായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ജീവനക്കാരനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തതായി സൂചനയുണ്ട്.

New Update
img(78)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എൻ. വാസുവിന് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മറ്റൊരു മുൻ പ്രസിഡൻ്റും പത്തനംത്തിട്ടയിലെ മുതിർന്ന നേതാവുമായ എ. പത്മകുമാറിനും പിടിവീഴുമെന്ന് സൂചനകൾ പുറത്ത് വരുന്നതോടെ കടുത്ത പ്രതിരോധത്തിൽ സി.പി.എം.

Advertisment

മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡൻ്റുമായ എൻ.വാസുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പത്മകുമാറിലേക്ക് നീങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം.

അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) പത്മകുമാറിന് രണ്ടാമതും നോട്ടീസ് അയച്ചതോടെയാണ് സി.പി.എം  പ്രതിരോധത്തിലായത്.


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിന് നോട്ടീസ് അയക്കുന്നത് ഇത് രണ്ടാം തവണയാണ്. മുൻ കമ്മീഷണർ എൻ. വാസുവിനെ ചോദ്യം ചെയ്യുന്ന സമയത്ത്, പത്മകുമാറിനോടും ഹാജരാകാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. 


എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഹാജരായിരുന്നില്ല. കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് പത്മകുമാറിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

പത്മകുമാർ ബോർഡ് പ്രസിഡന്റായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ജീവനക്കാരനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തതായി സൂചനയുണ്ട്.

ഈ മൊഴിയും എൻ. വാസുവിൻ്റെ മൊഴിയുമാണ് പത്മകുമാറിനെ ചോദ്യം ചെയ്യലിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. 


ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാൽ തന്നെ അന്വേഷണ സംഘത്തെ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കഴിയുന്നില്ല. 


പാർട്ടിയുടെ ഏറ്റവും വിശ്വസ്തരായ നേതാക്കളും പ്രത്യേക താൽപര്യമെടുത്ത് ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിയമിച്ചവരുമാണ് പാർട്ടിയെ നിലവിൽ വെട്ടിലാക്കിയിട്ടുള്ളത്.

ശബരിമലയെ ചുറ്റിപ്പറ്റിയുള്ള വിവാദം തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

Advertisment