/sathyam/media/media_files/2025/12/18/vasu-ed-a-padmakumar-2025-12-18-16-47-33.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റിന്റെ (ഇ.ഡി) അന്വേഷണം തടയാൻ കിണഞ്ഞു ശ്രമിച്ച് സർക്കാർ.
കേസുകളുടെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണത്തിന് തടയിടാനുള്ള സർക്കാരിന്റെ ശ്രമം.
സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി ഈ രേഖകൾ ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പിനിടെ ഇ.ഡി വരുന്നതൊഴിവാക്കാൻ രേഖകൾ കൈമാറുന്നതിന് സർക്കാർ സാവകാശം തേടിയിരുന്നു. ഹൈക്കോടതിയിലെ കേസിൽ ഇ.ഡിയെ എതിർത്തെങ്കിലും ഫലമുണ്ടായിരുന്നില്ല.
ശബരിമലയിലേക്ക് ഒരു കാരണവശാലും ഇഡി വരരുതെന്നും അവർ ആവശ്യപ്പെടുന്ന രേഖകൾ കൈമാറരുതെന്നുമാണ് സർക്കാരിന്റെ തുടക്കത്തിലേ ഉള്ള ആഗ്രഹം.
എന്നാൽ എഫ്‌ഐആർ ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇ.ഡി കൊല്ലം കോടതിയെ സമീപിച്ചത്.
വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് സർക്കാർ വാദം.
ഇഡി മറ്റു കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ നിലപാടെടുത്തു. എന്നാൽ സ്വർണക്കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇഡി വാദിച്ചത്.
കേസിന്റെ പ്രഥമവിവര റിപ്പോർട്ട്, റിമാൻഡ് റിപ്പോർട്ടുകൾ, ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് എന്നിവയാണ്ആവശ്യപ്പെട്ടത്.
രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും. കേസിൽ ഐപിസി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്.
അന്വേഷണം ഏറ്റെടുത്താൽ രാഷ്ട്രീയ നേതൃത്വം ഉൾപ്പെടെയുള്ളവര്‍ക്ക് എതിരെ നടപടികൾക്കു സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇ.ഡിക്ക് രേഖകൾ ലഭിച്ചാൽ കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാർ ഇ.ഡിക്ക് തടയിടുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളയിലെയും സ്വർണം കവർന്നതിന് രണ്ട് കേസുകളാണ് നിലവിലുള്ളത്. ബോർഡ് പ്രസിഡന്റുമാരായിരുന്ന പത്മകുമാറും എൻ വാസുവുമടക്കം എട്ടു പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.
എന്നാൽ രാഷ്ട്രീയ, ഭരണ നേതൃത്വത്തിലേക്കടക്കം അന്വേഷണം നീളുന്നില്ല. ഇ.ഡി അന്വേഷണം ഏറ്റെടുക്കുന്നതോടെ സ്വർണക്കൊള്ളയുടെ പൂർണ ചിത്രം വ്യക്തമാവും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായത് ശബരിമല സ്വർണക്കൊള്ളയായിരുന്നു. ഇ.ഡി കേസേറ്റെടുത്ത് ഉന്നതരെ പിടികൂടിയാൽ നിയമസഭാ തിരഞ്ഞെടുപ്പിലും വൻ തിരിച്ചടിയുണ്ടാവുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us