/sathyam/media/media_files/2025/11/22/kadakampalli-surendran-a-padmakumar-2025-11-22-17-04-23.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അടുത്ത അറസ്റ്റ് ആരുടെതന്നതിൽ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന എ.പത്മകുമാർ, എം.വാസു എന്നിവരടക്കം ആറ് ഉന്നതർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം അടുത്തത് ആരെയാണ് പിടികൂടുക എന്നതിലാണ് ഇനിയുള്ള സസ്പെൻസ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്ച ചോദ്യം ചെയ്യും. പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്ക്.
അതേസമയം, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് ആരോപണമുയരുന്ന രാഷ്ട്രീയ ഉന്നതരെ എസ്.ഐ.ടി പിടികൂടുമോയെന്നാണ് ഇനി അറിയേണ്ടത്.
താൻ ദൈവതുല്യമായി കാണുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് നേരത്തേ പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. തന്ത്രിയിലെ സംശയത്തിലാക്കുന്നതാണ് ഈ പരാമർശമെന്ന് വിലയിരുത്തലുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/21/a-padmakumar-2025-11-21-14-11-28.jpg)
അതേസമയം, തന്ത്രിയുടെ പങ്ക് നേരത്തേ ദേവസ്വം വിജിലൻസ് അന്വേഷിച്ചിരുന്നതാണ്. സ്വർണപ്പാളികൾ സംബന്ധിച്ച മഹസറിൽ തന്ത്രിയുടെ പേരുണ്ടായിരുന്നു. എന്നാൽ തന്ത്രി ഒപ്പിട്ടില്ലെങ്കിലും പേര് എഴുതിച്ചേർത്തതായാണ് കണ്ടെത്തൽ.
മുരാരിബാബുവടക്കം 7 പേരാണ് മഹസറിലൊപ്പിട്ടതായി രേഖയുള്ളത്. പാളികൾ കൊണ്ടുപോവുന്നതിൽ തന്ത്രി തടസവാദമുന്നയിച്ചതായും സൂചനയുണ്ട്. വിജയ്‌മല്യ സ്വർണം പൊതിഞ്ഞത് വ്യക്തമായി അറിയാവുന്ന തന്ത്രിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
തന്ത്രിക്ക് ബംഗളുരുവിലെ ചില ക്ഷേത്രങ്ങളുമായുള്ള ബന്ധവും അന്വേഷണപരിധിയിലാണ്. പോറ്റിയുമായി ബന്ധമുള്ള ബാംഗ്ലൂരിലെ രണ്ട് ക്ഷേത്രങ്ങളിലെ തന്ത്രിയാരാണെന്ന് അന്വേഷിക്കണമെന്ന് നേരത്തേ പത്മകുമാർ ആവശ്യപ്പെട്ടിരുന്നതാണ്.
സ്വർണ്ണക്കൊള്ള കേസ്സിൽ പോറ്റിക്കൊപ്പം തന്ത്രിയും പ്രതിയാകേണ്ടതാണെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. എന്നാൽ അതിനു മുൻപ് എല്ലാ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്.
സ്വർണക്കൊള്ളയ്ക്ക് തന്ത്രി ഒത്താശ ചെയ്തെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളിൽപ്പെടുന്ന സ്വർണ്ണം, കട്ടിള പാളികൾ തുടങ്ങിയവയൊന്നും ക്ഷേത്രം തന്ത്രിയുടെ അനുമതിയില്ലാതെ പുറത്ത് കൊണ്ടുപോകാൻ കഴിയില്ല.
ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന സ്വർണ്ണത്തിൽ തീർത്ത വാജിവാഹനം എന്ന പേരിൽ അറിയപ്പെടുന്ന (സ്വർണ്ണകുതിര) ഇപ്പോഴും തന്ത്രിയുടെ വീട്ടിലുണ്ടെന്ന വിവരം കട്ടള പാളി മോഷണക്കേസ്സ് പുറത്തുവന്നപ്പോഴാണ് തന്ത്രി പുറത്ത് പറയുന്നത്.
അത് തന്ത്രിയുടെ വീട്ടിൽ നിന്നും ദേവസ്വം ബോർഡ് തിരികെ കൈപ്പറ്റണം എന്നാണ് തന്ത്രി അന്ന് പറഞ്ഞത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കൊടിമരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണത്തിൽ തീർത്ത ആലില മാതൃകയിലുള്ള മുത്തുമാലകളിൽ പകുതിയും മോഷ്ടിക്കപ്പെട്ടു. ഇതേക്കുറിച്ചെല്ലാം എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
ശ്രീകോവിലിന്റെ വാതിൽ സ്വർണംപൂശിയതിലെ തട്ടിപ്പാണ് ഇനി പുറത്തുവരാനുള്ളത്. 1998ൽ രണ്ടരകിലോയിലേറെ സ്വർണമുപയോഗിച്ചാണ് ശ്രീകോവിൽ വാതിൽ പൊതിഞ്ഞിരുന്നത്. ഇതിന് തിളക്കം മങ്ങിയെന്നും എലി കയറുന്നെന്നും കാരണമുണ്ടാക്കി 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി പഴയ വാതിൽ മാറ്റി പുതിയത് നൽകി.
ഇതിൽ കേവലം 40 പവൻ സ്വർണമാണ് പൂശിയതെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കതകാണ് പോറ്റിക്ക് നൽകിയതെങ്കിലും മഹസറിലുള്ളത് വെറും കതക് പാളികളെന്നാണ്.
/filters:format(webp)/sathyam/media/media_files/2025/10/11/unnikrishnan-potty-2025-10-11-16-50-10.jpg)
പോറ്റിയുടെ സ്പോൺസർഷിപ്പിൽ തേക്ക് തടിയിൽ പണിത് ചെമ്പ് പൊതിഞ്ഞ ശേഷം സ്വർണം പൂശിയ പുതിയ കതക് 2019മാർച്ചിലാണ് ഘടിപ്പിച്ചത്. ഈ വാതിൽ സ്വർണം പൂശിയതാണെന്ന് മഹസറിലുണ്ടെങ്കിലും എടുത്തുമാറ്റിയ പഴയ വാതിലിലെ സ്വർണത്തെക്കുറിച്ച് പരാമർശമില്ല.
പോറ്റിക്ക് കട്ടിള കൊടുത്തുവിട്ട ഉത്തരവിലും അനുബന്ധ രേഖകളിലും സർക്കാരിന്റെ അനുമതിയോടെയാണിതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പത്മകുമാർ വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്.
അനധികൃതമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കിൽ കഴിഞ്ഞ സർക്കാരിലെ ദേവസ്വംമന്ത്രിക്ക് കുരുക്കാവുന്ന മൊഴിയാണത്. അതേസമയം, ദേവസ്വംബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്നും ബോർഡുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നുമാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.
താൻ പ്രസിഡന്റായിരിക്കെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും 2019ൽ പോറ്റിക്ക് നൽകിയത് ചെമ്പുപാളി തന്നെയാണെന്നുമായിരുന്നു ഇതുവരെ പത്മകുമാർ പറഞ്ഞിരുന്നത്. തനിക്ക് ലഭിച്ചത് ചെമ്പ് തകിടാണെന്നായിരുന്നു പോറ്റിയുടെയും ആദ്യമൊഴി.
സ്വർണം പൂശാനെത്തിച്ചത് ചെമ്പുതകിടാണെന്നായിരുന്നു ചെന്നൈയിലെ സ്മാർട്ട്ക്രിയേഷൻസിന്റെയും ആദ്യമൊഴി. പറഞ്ഞുപഠിപ്പിച്ചതു പോലെയുള്ള ഈ മൊഴികൾ ഗൂഢാലോചനയുടെ തെളിവാണെന്നാണ് എസ്.ഐ.ടി പറയുന്നത്.
തിരുവനന്തപുരം സബ് ജയിലിൽ റിമാൻഡിലുള്ള പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച എസ്.ഐ.ടി അപേക്ഷ നൽകും. പത്മകുമാറിനെ ചോദ്യംചെയ്ത ശേഷമായിരിക്കും കടകംപള്ളിയെ വിളിപ്പിക്കുക.
/filters:format(webp)/sathyam/media/media_files/TeuyQtcnYence1sk7XcR.jpg)
ഒരു ഫയലും താൻ കണ്ടിട്ടില്ലെന്നും ബോർഡിന്റെ ഒരു തീരുമാനത്തിലും പങ്കില്ലെന്നും സ്വർണപ്പാളി അഴിച്ചതും സ്വർണം പൂശിയതുമെല്ലാം ബോർഡിന്റെ തീരുമാനമാണെന്നുമാണ് കടകംപള്ളി പറയുന്നത്.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതും കടകംപള്ളിക്ക് കുരുക്കാണ്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
പോറ്റിയുടെ സ്പോൺസർഷിപ്പോടെ കഴക്കൂട്ടം മണ്ഡലത്തിൽ ചില പദ്ധതികളും പരിപാടികളും നടപ്പാക്കിയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയെ ഉപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിച്ചെന്ന വിവരത്തെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
മുതിർന്ന നേതാവ് പോറ്റിയുടെ സഹായത്തോടെ മൂന്നരക്കോടി സ്വരൂപിച്ചെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us