/sathyam/media/media_files/2025/12/20/cheruvalli-estate-2025-12-20-19-04-16.jpg)
കോട്ടയം: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പിനുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പു തുടങ്ങി.
നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായാണു കണക്കെടുപ്പു നടത്തി സ്ഥല മഹസര്‍ തയാറാക്കുന്നത്. ഈ മഹസര്‍ പ്രകാരം നിര്‍മാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവല്‍ക്കരണ വിഭാഗവും മറ്റു മരങ്ങളുടെയും കൃഷിയുടെയും മൂല്യം കൃഷി വകുപ്പുമാണു തയാറാക്കുന്നത്.
ഈ മസഹര്‍ പ്രകാരമായിരിക്കും നഷ്ടപരിഹാര പാക്കേജ് തയാറാക്കുക. മണിമല വില്ലേജില്‍ ഉള്‍പ്പെട്ട വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും മഹസാറാണ് ഇപ്പോള്‍ തയാറാക്കുന്നത്. ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കിയ വസ്തുക്കളുടെ രേഖകള്‍ തയാറാക്കുന്ന ജോലിയും തുടരുന്നുണ്ട്.
ചെറുവള്ളി എസ്‌റ്റേറ്റില്‍ സര്‍വേ തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഉടമസ്ഥാവകാശം സംബന്ധിച്ചു കോടതിയില്‍ കേസു നടക്കുന്നതിനാലാണിത്.
സര്‍വേ തടസപ്പെടുത്തിയ സാഹചര്യത്തില്‍ എന്തു തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ചു റെവന്യൂ സ്ഥലം ഏറ്റെടുപ്പു ഡെപ്യൂട്ടി കലക്ടര്‍ ജില്ലാ കലക്ടര്‍ക്കു കത്തു നല്‍കിയിരുന്നു.
ഇതിന്റെ നിയമോപദേശം തേടിയുള്ള ജില്ലാ കലക്ടറുടെ മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. ഇതാണ് എസ്‌റ്റേറ്റിലെ സര്‍വേ വൈകാന്‍ കാരണം.
3,500 മീറ്ററില്‍ റണ്‍വേ, 3,500 മീറ്ററില്‍ ടാക്സിവേ, 54,000 ചതുരശ്ര അടിയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ് എന്നിവയടക്കം നിര്‍മിക്കാനാണു പദ്ധതി.
കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളത്തിനു മൊത്തത്തില്‍ 7,047 കോടി രൂപ ചെലവാകുമെന്നാണു കണക്കാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് 5,377 കോടി രൂപയാണു ചെലവാകുന്നത്.
ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയ ചെലവുകള്‍ക്കായി 2,408 കോടി രൂപയും വേണം. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച് 2,570 ഏക്കര്‍ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നാണു കണക്ക്. നേരത്തെ 3,450 കോടി രൂപയായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മാണ ചെലവായി കണക്കാക്കിയിരുന്നത്.
നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന പ്രധാന വിമാനങ്ങള്‍ക്കെല്ലാം ഇറങ്ങാവുന്ന തരത്തില്‍ 3,500 മീറ്റര്‍ നീളത്തിലാണു റണ്‍വേ നിര്‍മിക്കുന്നത്.
കേരളത്തിലെ ഏറ്റവും നീളമുള്ള റണ്‍വേയായിരിക്കുമിത്. ഒരേ സമയം രണ്ട് കോഡ് ഇ, മൂന്ന് കോഡ് സി വിമാനങ്ങളെയോ അല്ലെങ്കില്‍ ഏഴ് കോഡ് സി, രണ്ട് കോഡ് ഇ വിമാനങ്ങളെയോ ഉള്‍ക്കൊള്ളിക്കാന്‍ വിമാനത്താവളത്തിനാകും.
ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ അടക്കമുള്ള വിമാക്കമ്പനികള്‍ ഉപയോഗിക്കുന്ന വൈഡ് ബോഡി ബോയിംഗ് 777 300 ഇ.ആര്‍ വിമാനങ്ങള്‍ക്ക് വരെ ഇറങ്ങാനാവുന്ന വിധത്തിലാണു ഡിസൈന്‍.
പ്രതിവര്‍ഷം ഏഴു ലക്ഷം യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ 54,000 ചതുശ്ര അടി വിസ്തീര്‍ണത്തിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്.
ചരക്കുനീക്കത്തിനായി 1,200 ചതുരശ്ര അടിയിലുള്ള കാര്‍ഗോ ടെര്‍മിനലുമുണ്ടാകും. ഏതാണ്ട് 2,408 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മാണത്തിന് വേണ്ടി വരുമെന്നാണ് കണക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us