/sathyam/media/media_files/2025/10/06/sabarimala-hc-2025-10-06-22-58-54.jpg)
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ വീഴ്ച സ്ഥിരീകരിച്ച് ദേവസ്വം വിജിലൻസ്. ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടുന്നത്.
2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി ചെമ്പു പാളിയാണെന്ന് എന്ന് റിപ്പോർട്ട് നൽകിയത് ഉദ്യോഗസ്ഥരെന്നാണ് ദേവസ്വം വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്.
അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് വിജിലൻസിൻെറ കണ്ടെത്തൽ.
2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് മുരാരി ബാബു കത്ത് നൽകിയിരുന്നു. ഇത് ദേവസ്വം ബോർഡ് നിരാകരിച്ചുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
1999 വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് ശ്രീകോവിലും ദ്വാരപാലക ശിൽപ്പങ്ങളിലും പൂശിയത് സ്വർണം തന്നെയെന്നും ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. എന്നാൽ പൂശിയത് സ്വർണമാണെന്നതിൻെറ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി ഇളക്ക് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് മനപൂർവ്വമാണെന്ന നിഗമനവും ദേവസ്വം വിജിലൻസ് റിപോർട്ടിലുണ്ട്.
വിജിലൻസ് റിപോർട്ട് പരിശോധിച്ച ഹൈകോടതി ഈ നടപടിയെ ആസ്വഭാവികം എന്നാണ് വിശേഷിപ്പിക്കുന്നത്.സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിൽ എത്തിച്ചത് മറ്റൊരു ചെമ്പ് പാളിയെന്നാണ് വിജിലൻസ് റിപോർട്ടിലെ സംശയം.
സ്വർണപ്പാളിയുടെ തൂക്കക്കുറവ് ശ്രദ്ധയിൽപെട്ടെങ്കിലും അത് രേഖപ്പടുത്താതിരുന്നത് മനപൂർവമാണെന്നും വിജിലൻസ് റിപോർട്ടിൽ പറയുന്നുണ്ട്.
ഇക്കാര്യങ്ങളിലെല്ലാം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് മനപൂർവമായ വീഴ്ചയാണെന്നും വിജിലൻസ് റിപോർട്ട് കുറ്റപ്പെടുത്തുന്നു.
2019 ന് മുൻപും ശേഷവുമുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളിയുടെ ചിത്രങ്ങൾ ഒത്തു നോക്കാനായി ദേവസ്വം വിജിലൻസിന് അനുമതി കോടതി അനുമതി നൽകിയിട്ടുണ്ട്.
സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന മുദ്ര വച്ച ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളും പരിശോധിക്കാൻ വിജിലൻസിന് അനുമതി കിട്ടിയിട്ടുണ്ട്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികളുടെ 2019ലെയും 2025ലെയും ചിത്രങ്ങളിൽ വ്യത്യാസമുണ്ടെന്നാണ് ദേവസ്വം വിജിലൻസിൻെറ പ്രാഥമിക വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്നതിനാണ് ചിത്രങ്ങൾ ഒത്തുനോക്കാൻ കോടതിയോട് അനുമതി തേടിയത്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി ആദ്യമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം അറ്റകുറ്റപ്പണിക്കായി കൊടുത്തുവിടുമ്പോൾ തിരുവിതാംകൂർ ദേവസ്വംബോർഡിൻെറ പ്രസിഡന്റായിരുന്ന എ.പത്മകുമാറിൻെറ നിരപരാധിയാണെന്ന വാദങ്ങൾ പൊളിക്കുന്ന ചില കാര്യങ്ങൾ ഇന്നത്തെ ഹൈക്കോടതി ഉത്തരവിലുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിൽ സന്ദേശത്തെപ്പറ്റി റിപോർട്ടിൽ പറയുന്നകാര്യങ്ങളാണ് പത്മകുമാറിൻെറ വാദങ്ങൾ പൊളിച്ച് അടുക്കുന്നത്.
സ്വർണ്ണ പാളിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച്സ്വർണ്ണം മിച്ചം വന്നുവെന്ന് അറിയിച്ചും ഇത് പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹം നടത്താൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുമാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ പ്രസിഡന്റായിരുന്ന പത്മകുമാറിന് കത്തയച്ചത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇ.മെയിലിന് ദേവസ്വം സെക്രട്ടറി മറുപടി നൽകിയാതായും കോടതി ഉത്തരവിൽ പറയുന്നുണ്ട്.2019 ഡിസംബർ 17നാണ് ദേവസ്വം സെക്രട്ടറി മറുപടി നൽകിയത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്വർണപാളി വിവാദം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം എത്രയും വേഗം അന്വേഷണം ഏറ്റെടുക്കും. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പ്രത്യേക സംഘം അന്വേഷിക്കും.
അന്വേഷണം പൂർത്തിയാക്കി ആറ് ആഴ്ചക്കുളളിൽ റിപോർട്ട് കൈമാറണം എന്നാണ് ഹൈകോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിൻെറ മേൽനോട്ടത്തിലാണ് അന്വേഷണം.