/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
മുന്‍ ജില്ലാ ജഡ്ജി അന്വേഷണം നടത്തും. സ്പോൺസറുടേയും ഉദ്യോഗസ്ഥരുടേയും പങ്ക് അടക്കം അന്വേഷിക്കാനാണ് തീരുമാനം. ദ്വാരപാലക ശിൽപ്പത്തിൽ സ്വര്‍ണം പൂശിയ കണക്കില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം കാണാതായ സംഭവവും അന്വേഷിക്കണം. രജിസ്റ്ററുകളില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്‌ട്രോങ് റൂമുകളുടെ കണക്കെടുക്കണമെന്നും രേഖകള്‍ പരിശോധിച്ച് സ്വര്‍ണത്തിന്റെ കണക്കെടുക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവാഭരണ രജിസ്റ്റർ പരിശോധിക്കാനും നിർദേശമുണ്ട്. സ്വര്‍ണ്ണത്തിന്റെ അളവും മൂല്യവും കണക്കാക്കണം. വിഷയത്തിൽ, ദേവസ്വം വിജിലന്‍സിന് അന്വേഷണം തുടരാം. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
അതേസമയം, കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്.
കഴിഞ്ഞ 13നാണ് ബന്ധു വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്.
വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു.
2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചതെന്നാണ് റിപ്പോർട്ട്.