/sathyam/media/media_files/2026/01/15/vaji-2026-01-15-17-53-08.jpg)
പത്തനംതിട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത.
കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗം നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിര്‍മ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്.
തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്.
അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്.
കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്ന അഷ്ടദിക് പാലകര്‍ എവിടെയാണ് എന്ന ചോദ്യം ബാക്കിയാവുകയാണ്.
കോടികള്‍ വിലമതിക്കുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് അഷ്ടദിക് പാലകര്‍.
സ്‌ട്രോങ് റൂമില്‍ അഷ്ടദിക് പാലകര്‍ ഉണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌ട്രോങ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇതിന് പുറമേ ഒരു കുഴപ്പവുമില്ലാത്ത പഴയ കൊടിമരം എന്തിന് മാറ്റിയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us