/sathyam/media/media_files/kkoqfiuti7vzelfzwkCS.jpg)
പത്തനംതിട്ട: ഇത്തവണത്തേത് പരാതികളില്ലാത്ത മണ്ഡലകാലമെന്ന് മന്ത്രി വി എന്‍ വാസവന്‍. 41 ദിവസം പൂര്‍ത്തിയാകുമ്പോള്‍ വന്ന എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനം ഉറപ്പാക്കി.
ശബരിമല സന്നിധാനത്തു സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.
ദര്‍ശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദര്‍ശനം ഉറപ്പാക്കാനായി എന്നു വന്നവര്‍ തന്നെ പറയുന്നു. മല കയറിവന്ന എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ഉറപ്പാക്കാനായി. ഭക്തര്‍ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്.
അഞ്ചുലക്ഷത്തോളം ഭക്തര്‍
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവില്‍ കൂടുതലായി എത്തിയത്. വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താല്‍ക്കാലികമായി ലഭ്യമായ കണക്ക്.
അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയില്‍ ഒരുമിനിട്ടില്‍ 85-90 പേര്‍ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദര്‍ശനം സുഗമാക്കാന്‍ തുണച്ചു.
മകരവിളക്ക് ഒരുക്കങ്ങള്‍
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി കാലേകൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പവും അരവണയും എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കി. നേരത്തെ നടത്തിയ തയാറെടുപ്പുകള്‍ എല്ലാ അര്‍ഥത്തിലും ഫലം കണ്ടു.
മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ചു ഡിസംബര്‍ 28ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.