/sathyam/media/media_files/kNkh8sWWdh2zlcttqiM8.jpg)
ശബരിമല സന്നിധാനത്തെ തിരക്കിന് ഇന്ന് നേരിയ കുറവ്. പൊലീസ് പമ്പയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് കാരണമാണ് സന്നിധാനത്തെ തിരക്ക് നേരിയ തോതില്‍ കുറഞ്ഞത്. അപ്പാച്ചിമേട് വരെ അയ്യപ്പന്മാരുടെ നീണ്ട നിരയാണ് ഇപ്പോഴുള്ളത്. സത്രം - പുല്ലുമേട് വഴിയാണ് കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത്. പമ്പയിലെ തിരക്ക് കാരണമാണ് കൂടുതല്‍ അയ്യപ്പന്മാര്‍ പുല്ലുമേട് വഴി സന്നിധാനത്ത് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അയ്യപ്പന്മാര്‍ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേസമയം കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിലാണ് ഹൈക്കോടതി ഇടപെട്ടത്. അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
ഭക്തര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. 14 മണിക്കൂറുകളായി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതിനൊരറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണം. അവരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ളത് കൂടിയാലോചിക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.
അതേസമയം ശബരിമലയിലെ തീര്‍ത്ഥാടക തിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ടു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിമുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭക്തര്‍ക്ക് ഏറെ നേരം വരി നില്‍ക്കേണ്ടി വരുന്നതടക്കം നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹ?രിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും 15 ലക്ഷത്തോളം ഭക്തരാണ് വര്‍ഷത്തില്‍ വരുന്നത്. അവര്‍ക്കുള്ള വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ശബരിമലയിലെ ഭക്തജന തിരക്ക് വര്‍ദ്ധിച്ചെങ്കിലും വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.
ശബരിമലയില്‍ അനുഭവപ്പെടുന്ന ഈ തിക്കിനും തിരക്കിനും കാരണം പതിനെട്ടാം പടിക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് തൂണുകളാണെന്നാണ് മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറയുന്നത്. പതിനെട്ടാം പടിയോട് ചേര്‍ന്ന് പൊലീസുകാര്‍ അയ്യപ്പന്മാരെ കടത്തിവിട്ടു കൊണ്ടിരുന്ന ഭാഗത്താണ് ഈ രണ്ടു തൂണുകള്‍ വന്നത്. ഈ തൂണുകള്‍ വരുംകാലങ്ങളില്‍ തിരക്കിന് കാരണമാകുമെന്ന് നേരത്തെ രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. പതിനെട്ടാംപടിക്ക് മേല്‍ക്കൂര സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ തൂണുകള്‍ നിര്‍മ്മിച്ചത്. പതിനെട്ടാം പടിക്ക് മേല്‍ക്കൂര ഇടുന്നതുകൊണ്ട് ഏകപ്രയോജനമുള്ളത് തന്ത്രിമാര്‍ക്ക് മാത്രമാണെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടി.