/sathyam/media/media_files/2025/09/29/images-63-2025-09-29-19-06-55.jpg)
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ താങ്ങുപീഠമായ സ്വർണ്ണപ്പാളി കാണാതായ സംഭവത്തിൽ ആരോപണങ്ങളും വാദപ്രതിവാദങ്ങളുമായി മന്ത്രിയും ബോർഡ് പ്രസിഡന്റും സ്‌പോൺസറും.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഢികളാക്കുന്നുവെന്നും വിഷയത്തിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായും ദേവസ്വം മന്ത്രി വി.എൻ വാസവൻ.
കഴിഞ്ഞ നാലരവർഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണൻ പോറ്റി ഒളിപ്പിച്ചുവെച്ചത് എന്തിനാണെന്നും മന്ത്രി ചോദിക്കുന്നു.
സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ വച്ചിട്ട് ദേവസ്വം ബോർഡിനെ പഴിചാരിയെന്നും പിന്നിൽ ആഗോള അയ്യപ്പസംഗമത്തിന്റെ പകിട്ട് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമുണ്ടായെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ ആരോപണം.
ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുമ്പാണ് ആരോപണം ഉന്നയിച്ചത്. അതിൽ ബോർഡിനെ പഴിചാരിയത് എന്തിനായിരുന്നുവെന്നും പ്രസിഡന്റ് ചോദിക്കുന്നു.
പ്രതിപക്ഷ നേതാവുൾപ്പെടെ ദേവസ്വം ബോർഡ് പ്രസിഡന്റായ തന്നെ കള്ളനെന്ന് പറഞ്ഞു. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടായിട്ടുണ്ടെന്നും പച്ചക്കള്ളമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കി.
എന്നാൽ കോട്ടയം സ്വദേശി വാസുദേവൻ തന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തി പീഠം തന്നെ തിരികെ ഏൽപ്പിച്ചതെന്നും താൻ തന്നെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്.
തിരുവനന്തപുരത്തെ വീട്ടിൽ മാതാവ് മാത്രമുള്ളതിനാലാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം കൊണ്ടുപോയത്. തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങിപോകേണ്ടതുണ്ടായിരുന്നു.
വിലപിടിപ്പുള്ള വസ്തു വീട്ടിൽ വയ്ക്കേണ്ട എന്ന് കരുതി. നാലര വർഷം വാസുദേവന്റെ കൈവശം ആയിരുന്നു പീഠം. ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പീഠം കൈവശമുണ്ടെന്ന് വാസുദേവൻ തന്നെയാണ് വിജിലൻസിനോട് പറഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ സഹോദരിയുടെ വീട്ടിൽ പീഠമുണ്ടെന്ന് താൻ അറിയിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
പീഠം തന്നെ ഏൽപ്പിച്ചാൽ പ്രശ്നം തീരുമെന്ന് വാസുദേവന് തോന്നിയെന്നും 2021 ജനുവരി ഒന്നിനാണ് പീഠം സന്നിധാനത്ത് എത്തിച്ചതെന്നും താനും അന്ന് കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യ്തമാക്കുന്നു.
ദേവസ്വം ബോർഡിനോട് പിന്നീട് ഇക്കാര്യം ഞാൻ അന്വേഷിച്ചില്ല. പീഠത്തിന്റെ കുറച്ചുഭാഗം കട്ട് ചെയ്ത് കളയേണ്ടതുണ്ടായിരുന്നു. വാസുദേവന്റെ കൈവശം ഉദ്യോഗസ്ഥൻ പീഠം തിരിച്ചു കൊടുത്തു. പീഠം വീട്ടിൽ പൊന്നുപോലെ സൂക്ഷിച്ചതായും പേപ്പർ പോലും ഇളക്കിയില്ലെന്നും വാസുദേവൻ തന്നെ അറിയിച്ചു.
വാസുദേവൻ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ആളാണ്. വിവാദം വന്നപ്പോൾ വാസുദേവൻ പതറിപ്പോയി.
നന്നാക്കാൻ കിട്ടിയ പീഠം വാസുദേവൻ കൈവശം വെച്ചു എന്ന് മാത്രമേയുള്ളുവെന്നും പീഠം ഉപയോഗിച്ച് വാസുദേവൻ പൂജകൾ നടത്തിയതായി താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠം നിർമിച്ച് നൽകിയിരുന്നതാണെന്നും എന്നാൽ ഇവ കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ ആരോപിച്ചത്.
തുടർന്ന് ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും പീഠം കണ്ടെത്താൻ നിർദേശം നൽകുകയുമായിരുന്നു. ഇതിന് പിന്നാലെ പീഠങ്ങൾ കണ്ടെത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിനെ നിയോഗിച്ചു.
ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ അടക്കം വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തി വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ തിരുവനന്ത പുരത്തെയും ബെംഗളൂരുവിലെയും വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാൽ പീഠം കൈവശമില്ലെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. വിജിലൻസിന്റെ വിശദമായ അന്വേഷണത്തിലാണ് പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.