ശബരിമല വെർച്വൽ ക്യൂവിൽ കൈപൊളളി സർക്കാർ. തീരുമാനത്തിൽ ഭരണ മുന്നണിയിൽ തന്നെ എതിർപ്പ്. സ്പോട്ട് ബുക്കിങ്ങ് കൂടിയേ തീരുവെന്ന് സിപിഐ. നേരിട്ട് ദർശനത്തിന് എത്തുന്നവർക്കും അവസരം നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധി. വെർച്വൽ ക്യു തുടർന്നാലും 15000 പേർക്ക് ദർശനത്തിന് അവസരം നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പൻമാർക്ക് വെർച്വൽ ക്യൂ നിർബന്ധമാക്കിയ തീരുമാനത്തിലൂടെ പുലിവാല് പിടിച്ച് സർക്കാർ

New Update
sabarimala 1

തിരുവനന്തപുരം: ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പൻമാർക്ക് വെർച്വൽ ക്യൂ നിർബന്ധമാക്കിയ തീരുമാനത്തിലൂടെ പുലിവാല് പിടിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകനയോഗമാണ് ദർശനത്തിന് വെർച്വൽ ക്യു നിർബന്ധമാക്കാൻ തീരുമാനിച്ചത്.

Advertisment

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സമിതിയിലും ഭരണമുന്നണിയിലും സി.പി.എം നേതൃനിരയിൽ പോലും ഭിന്നതക്കും എതിർപ്പിനും വഴിവെച്ചതോടെയാണ് സർക്കാർ തീർത്തും വെട്ടിലായത്.


തീരുമാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ഉണ്ടാക്കിയിട്ടുളള ആശങ്കയെ കുറിച്ച് ബോധ്യം ഉണ്ടായിട്ടും മുഖ്യമന്ത്രി കൈക്കൊണ്ട തീരുമാനമായതിനാൽ തളളി പറയാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സി.പി.എം നേതൃത്വം.


വെർച്വൽ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിങ്ങ് കൂടി ഏർപ്പെടുത്തി പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം എന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന കർശന നിലപാടിലാണ് സി.പി.ഐ.

തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിലെ സി.പി.ഐ പ്രതിനിധി എ. അജികുമാർ ബോർഡ് യോഗത്തിലും ഈ നിലപാട് സ്വീകരിച്ചു. സ്പോട്ട് ബുക്കിംഗ് വേണമെന്ന് ആവശ്യപ്പെട്ട ബോർഡ് അംഗം എ. അജി കുമാർ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി കൈക്കൊണ്ട തീരുമാനം തിരുത്തുന്നതിനുളള പരിമിതി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം വീണ്ടും ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും അറിയിച്ചു.


സി.പി.ഐയുടെ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറും സ്പോട്ട് ബുക്കിങ്ങ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ആവശ്യം ഉന്നയിച്ച് ദേവസ്വം മന്ത്രിക്ക് കത്ത് നൽകിയ ചിറ്റയം, കത്ത് മാധ്യമങ്ങൾക്ക് നൽകി പരസ്യപ്പെടുത്തുകയും ചെയ്തു.


ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാക്കിയ മുഖ്യമന്ത്രിയുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ തീരുമാനത്തെ എതിർത്ത് ആദ്യം രംഗത്തുവന്നത് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ്. ഓൺലൈൻ ബുക്കിങ്ങ് നടത്താതെ നേരിട്ട് വരുന്നവ‍ർക്ക് ദർശനം നടത്താൻ കഴിയാതെ വന്നാൽ അത് ഗുരുതരമായ പ്രശ്നമായി മാറുമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം പരിഹാരം തേടി സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് വെർച്വൽ ക്യൂ മാത്രമല്ല, നേരിട്ട് ദർശനത്തിന് എത്തുന്നവർക്കും അവസരം ഉണ്ടാകണമെന്ന നിലപാടിലേക്ക് സി.പി.എം സംസ്ഥാന നേതൃത്വം എത്തിയത്. ഇക്കാര്യത്തിൽ വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം വേണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശം നൽകുകയും ചെയ്തു.


അതിന് ശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് പരസ്യമായി പറയാൻ തുടങ്ങിയത്. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനം ആയതിനാൽ വെർച്വൽ ക്യു സമ്പ്രദായത്തെ പൂർണമായും തളളിപ്പറയുന്ന സമീപനം എടുക്കുന്നില്ലെന്ന് മാത്രം.


''ഇപ്പോൾ തീരുമാനിച്ച വെർച്വൽ ക്യൂ എണ്ണം 80000 ആണ്. അതിൽ 15000 അല്ലാതെയും ഏർപ്പെടുത്തേണ്ടി വരും.ഇല്ലാതെ വന്നാൽ ശബരിമലയിൽ തിരക്ക് ഉണ്ടാകും.അത് മുതലെടുക്കാനുള്ള ശ്രമം ഉണ്ടാകും. വർഗ്ഗീയവാദിക്ക് വിശ്വാസം ഇല്ല. വർഗീയവാദി വിശ്വാസം മതധ്രുവീകരണത്തിനുളള ഒരു ഉപകരണം ആക്കുകയാണ്. ശബരിമലയുടെ കുത്തക അവകാശം ആർക്കും ഇല്ല. ശബരിമലയിൽ പോകുന്ന നല്ലൊരു വിഭാഗം സിപിഎം പ്രവർത്തകരാണ്.

 ശബരിമലയിലേക്ക് വരുന്ന മുഴുവൻ ആളുകൾക്കും കൃത്യമായ ക്രമീകരണത്തോടെ ദർശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. വെർച്വൽ ക്യൂ നടപ്പാക്കണം. എന്നാൽ അല്ലാതെയുളള സംവിധാനവും വേണം''-എം.വി.ഗോവിന്ദൻ വിശദീകരിച്ചു.


ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാനുളള സുപ്രീം കോടതി നടപ്പാക്കാൻ തീരുമാനിച്ചത് വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഒന്നാം പിണറായി സർക്കാർ  നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അത്.


സ്ത്രീസമത്വവും തുല്യതയും പറഞ്ഞ് തീരുമാനത്തെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിശ്വാസികളുടെ പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടിയുലഞ്ഞു. സാമൂഹിക സംഘടനകളെ കൂടെക്കൂട്ടി വനിതാ മതിൽ പണിത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും തോറ്റതോടെയാണ് സർക്കാരും സി.പി.എമ്മും കണ്ണുതുറന്നത്. സമാനമായ സാഹചര്യമാണ് വെർച്വൽ ക്യൂവിനെതിരായും രൂപപ്പെടുന്നതെന്ന് സി.പി.എം നേതൃത്വം തിരിച്ചറിയുന്നു.

പന്തളത്ത് തുടക്കം കുറിച്ച നാമജപ സമരം വരാനിരിക്കുന്ന പ്രക്ഷോഭത്തിൻെറ സൂചനയായും കാണുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൈക്കൊണ്ട തീരുമാനം അദ്ദേഹത്തെ കൊണ്ടുതന്നെ തിരുത്തിക്കാൻ ഒരുങ്ങുന്നത്. യു.ഡി.എഫും വെർച്വൽ ക്യൂ സംവിധാനത്തിന് എതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിനും അവസരം വേണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സർക്കാരിന് കത്ത് നൽകുകയും ചെയ്തു.

Advertisment