ശബരിമല സ്ത്രീപ്രവേശനത്തിലെ പുതിയ നിലപാട് സർക്കാരിനെ പ്രതിസന്ധിയിലാക്കും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാൽ എൻഎസ്എസ് ഇടയും, ഭൂരിപക്ഷ വോട്ടുകൾ മറിയും. സ്ത്രീ പ്രവേശനത്തെ എതിർത്താൽ ഇത്രയും കാലമെടുത്ത നിലപാടുകളിൽ നിന്നുള്ള മലക്കംമറിച്ചിലാവും. വനിതാ മതിൽ കെട്ടിയതിനും വിശ്വാസ സംരക്ഷണ സമരക്കാർക്കെതിരേ കേസെടുത്തതിനുമെല്ലാം സമാധാനം പറയേണ്ടിവരും. സ്ത്രീപ്രവേശനത്തിൽ ഊരാക്കുടുക്കിലായി സർക്കാർ

വിശ്വാസികൾക്കും സാമൂഹ്യപരിഷ്കരണത്തിനും അനുകൂലമായി സത്യവാങ്മൂലം നൽകുമെന്നാണ് രണ്ടു വള്ളത്തിൽ കാലുവച്ചുള്ള മന്ത്രി രാജീവിന്റെ നിലപാട്. സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള ഹർജികളുടെ കൂട്ടത്തിൽ എൻഎസ്എസുമുണ്ട്.

New Update
sabarimala supreme court
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുന:പരിശോധനാ ഹർജിയിൽ നിലപാടെടുക്കേണ്ടി വരുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കും. 

Advertisment

വോട്ടെടുപ്പിന് മുൻപ് സർക്കാരിന്റെ നിലപാട് അറിയിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാലും എതിർത്താലും തിരിച്ചടിയാവുമെന്നതിനാൽ കരുതലോടെയാണ് സർക്കാർ നീക്കം. 


എന്നാൽ സുപ്രീം കോടതിയുടെ ശബരിമല വിധി ഭരണഘടനാ ലംഘനമാണെന്നും ആചാര ലംഘനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധി റദ്ദാക്കണമെന്നും ഈ നിലയിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. 


യുഡിഎഫ് സർക്കാർ വന്നാൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്തുമെന്ന് വി.ഡി സതീശനും പ്രഖ്യാപിച്ചതോടെ സർക്കാർ കുരുക്കിലായി.

വിശ്വാസികൾക്കും സാമൂഹ്യപരിഷ്കരണത്തിനും അനുകൂലമായി സത്യവാങ്മൂലം നൽകുമെന്നാണ് രണ്ടു വള്ളത്തിൽ കാലുവച്ചുള്ള മന്ത്രി രാജീവിന്റെ നിലപാട്. സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള ഹർജികളുടെ കൂട്ടത്തിൽ എൻഎസ്എസുമുണ്ട്.

g sukumaran nair-3


 അനുകൂലിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയാൽ എൻഎസ്എസ് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്നുറപ്പാണ്. എന്നാൽ സ്ത്രീ പ്രവേശനം ആകാമെന്ന് മുൻപ് രണ്ടുതവണ കോടതിയിൽ സ്വീകരിച്ച സർക്കാർ ആ നിലപാടിൽ നിന്ന് മാറിയാൽ പുരോഗമനപരമെന്ന പ്രതിച്ഛായ ഇല്ലാതാവും. 


ഇത്തവണ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാൽ ഇത് സാദ്ധ്യമാവുമോയെന്ന ആശങ്ക മുന്നണിക്കുണ്ട്. 

ഭൂരിക്ഷ വോട്ടുകൾ ഏകീകരിക്കാനാവുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷത്തെയാകെ ഇതിനകം വിരുദ്ധരാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ സവിശേഷ സാഹചര്യം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ സർക്കാർ കോടതിയിൽ നിലപാട് അറിയിക്കുക.

ഇത്രയും കാലം സ്ത്രീ പ്രവേശനത്തിന് അനുകൂലമായി എടുത്ത നിലപാട് ഇത്തവണ എങ്ങനെ തിരുത്തുമെന്നാണ് സർക്കാരിനെ കുരുക്കിലാക്കുന്നത്.  

2007ൽ വി.എസ് സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കോടതിയെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ പിന്നാലെ 2016-ൽ ഉമ്മൻചാണ്ടി സർക്കാർ സ്ത്രീ പ്രവേശനത്തിന് എതിരേ നിലപാട്
കോടതിയെ അറിയിച്ചു. 


2018-ൽ പിണറായി സർക്കാർ സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച് കോടതിയിൽ നിലപാട് അറിയിച്ചു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ത്രീ പ്രവേശനത്തെ എതിർത്തു. സർക്കാരിന്റെ അനുകൂല നിലപാട് കൂടി പരിഗണിച്ചാണ് 2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പറഞ്ഞത്. 


എന്നാൽ  2019-ൽ പുന:പരിശോധനാ ഹർജി പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്. അതേസമയം, ഇപ്പോഴത്തെ ദേവസ്വം ബോർഡ് സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് കോടതിയെ അറിയിക്കുമെന്നാണ് സൂചന. 

അതേസമയം, വിശ്വാസ സമൂഹത്തിന്റെ താത്പര്യങ്ങളും സാമൂഹിക പരിഷ്കരണ താത്പര്യവും ബാലൻസ് ചെയ്തുള്ള സത്യവാങ്മൂലമാണ് സർക്കാർ നൽകിയിട്ടുള്ളതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. 

p rajeev

ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ട്. യേസ് ഓർ നോ പറയേണ്ട സാഹചര്യം അല്ല. എല്ലാ വശങ്ങളും ആലോചിച്ച് സർക്കാർ തീരുമാനിക്കും. സർക്കാർ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും പി രാജീവ് പറഞ്ഞു.


കോടതി പറയുന്ന നിലപാടായിരിക്കും തങ്ങൾക്കുള്ളതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതിരണം. സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. 


mv govindan

വിഷയത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സമവായമാണ് ഉണ്ടാവേണ്ടതെന്നുമായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞത്. 

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ പുതിയ തീരുമാനമെടുത്താൽ അതിനെ സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടപ്പോൾ നിലപാട് തിരുത്താതെ സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.

Advertisment