ശബരിമല സ്വർണ്ണക്കൊള്ള. ഞെട്ടിക്കുന്ന വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി. ശ്രീകോവിലിലെ മുഴുവൻ സ്വർണവും കടത്തുക എന്നതായിരുന്നു പ്രതികളുടെ പദ്ധതി. കേസിൽ ആരോപണവിധേയരായവർ തമ്മിൽ വലിയ ഗൂഡാലോചന നടന്നു. ഗോവർധൻ, പങ്കജ് ഭണ്ഡാരി, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ബാംഗ്ലൂരിൽ രഹസ്യ യോഗം ചേർന്നുവെന്നും പ്രത്യേക അന്വേഷണ സംഘം.

ശബരിമല ശ്രീകോവിലിലെ മുഴുവൻ സ്വർണവും കടത്തുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

New Update
unnikrishnan potty-2

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഹൈക്കോടതിയിൽ പങ്കുവെച്ച് പ്രത്യേക അന്വേഷണ സംഘം.

Advertisment

ശബരിമല ശ്രീകോവിലിലെ മുഴുവൻ സ്വർണവും കടത്തുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 

highcourt

സ്വർണം പൊതിഞ്ഞ ഭാഗങ്ങൾ എല്ലാം ഘട്ടംഘട്ടമായി കടത്താനായിരുന്നു പദ്ധതി. സ്മാർട് ക്രിയേഷൻസിൽ എത്തിച്ച് സ്വർണം വേർതിരിച്ച് എടുത്ത വിൽക്കാനായിരുന്നു ശ്രമം.

GOLD-PLSTE

ദ്വാരപാലക ശിൽപ്പങ്ങളും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളും കടത്താൻ സംഘത്തിന് കഴിഞ്ഞു. 

 ശ്രീകോവിലിലെ മറ്റ് സ്വർണം പൊതിഞ്ഞ ഭാഗങ്ങൾ കടത്താനുളള ശ്രമത്തിനിടെയാണ് വിവരം പുറത്തറിഞ്ഞത്.

ഹൈക്കോടതി മുമ്പാകെ സ്വർണപ്പാളി വിഷയം വന്നതോടെ സംഘത്തിന്റെ പദ്ധതി പൊളിഞ്ഞു. 

പിന്നാലെ രക്ഷപ്പെടാനുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ മൂന്നുപേരും ബാംഗ്‌ളൂരിൽ രഹസ്യ യോഗം ചേർന്നു. കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നതടക്കം പ്രതികൾ ചർച്ച ചെയ്തു.

unnikrishnan potty kalpesh

2025 ഒക്ടോബർ മാസത്തിലായിരുന്നു പ്രതികളുടെ രഹസ്യ യോഗം നടന്നത്.മൂന്നുപേരുടേയും മൊബൈൽ ടവർ ലൊക്കേഷൻ വെച്ചിട്ടാണ് എസ്ഐടിയുടെ കണ്ടെത്തൽ.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് ഈ കൊള്ളയ്ക്കായുള്ള ഗൂഢാലോചന മുഴുവൻ നടത്തിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഗോവർധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 

ഡിസംബർ 19ന് അറസ്റ്റ് ചെയ്ത ഗോവർധനെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഗോവർധനെ ഇനിയും ചോദ്യം ചെയ്യാനുള്ളതിനാൽ പൊലീസ് കസ്റ്റഡി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

1995 മുതൽ ശബരിമലയിൽ വരാറുള്ള ഗോവർധന് ശ്രീകോവിൽ യുബി ഗ്രൂപ്പ് 1998ൽ സ്വർണപ്പാളികൾ പൊതിഞ്ഞ വിവരം അറിയാമായിരുന്നു.

govardhan

 10ാം പ്രതി ഗോവർധനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. താൻ വാങ്ങിയ സ്വർണത്തിന് 14.97 ലക്ഷം രൂപ നൽകിയെന്നാണ് ഗോവർധൻ പറയുന്നത്. അതിനർഥം അയാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്.

ശബരിമല അയ്യപ്പന്റെ സ്വർണമാണ് നഷടപ്പെട്ടത്. അതിന്റെ സൂക്ഷിപ്പുകാരൻ ദേവസ്വം ബോർഡാണ്. സ്വർണം വാങ്ങാനോ ബോർഡിന് പണം നൽകാനോ ഗോവർധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. 

സ്വർണത്തിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം ഗോവർധനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഗോവർധനിൽ നിന്ന് ലഭിച്ച 474.960 ഗ്രാം സ്വർണം ഭീഷണിപ്പെടുത്തി പിടിച്ചെടുത്തതാണെന്ന വാദം ശരിയല്ല. ഇത് സ്വമേധയാ കൈമാറുകയായിരുന്നു.

അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. എത്രത്തോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കേണ്ടത് പ്രധാനമാണ്. സ്വർണക്കൊള്ളയിൽ നേരിട്ടു പങ്കുള്ള ഗോവർധന് അതിനാൽ ജാമ്യം നൽകരുതെന്നും എസ്‌ഐടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment