ദ്വാരപാലകശിൽപ്പങ്ങൾ സ്വർണം തന്നെ: തെളിവുകൾ പുറത്ത്

1998ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്

New Update
GOLD-PLSTE

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ കവചം 2019 ൽ ചെന്നെെയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്.

Advertisment

2019 ജൂലെെ മാസത്തിലാണ് സ്വർണ്ണം പൂശുന്നതിനായി ശിൽപ്പങ്ങൾ കൊണ്ടുപോയത്. എന്നാൽ ഇതിന് മൂന്ന് മാസം മുൻപത്തെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് സ്മാര്‍ട്ട് ക്രിയേഷൻസായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്നാണ് വാതില്‍ ഘടിപ്പിച്ചത്. ആ സമയത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


ദേവസ്വം ബോര്‍ഡ് സ്വർണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളികളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. അപ്പോൾ ഈ മൂന്ന് മാസത്തിനിടയിൽ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

1998ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ഇതിന് 2019ല്‍ മങ്ങലേല്‍ക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു.

2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണംപൊതിഞ്ഞ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.

ഇതിന് ശേഷവും സ്വര്‍ണപ്പാളികള്‍ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്.

2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തി.

ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുത്തു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്.

Advertisment