/sathyam/media/media_files/bYjHs10HoRrfiv9QbNHP.jpg)
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി.
ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
കനകദുര്‍ഗയും ബിന്ദു അമ്മിണിയും പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ അതുവാങ്ങിക്കൊടുത്ത് ആരും കാണാതെ പൊലീസ് വാനില്‍ കിടത്തി പമ്പയില്‍ കൊണ്ടുവന്നതിന് ശേഷം മലചവിട്ടാന്‍ കൊണ്ടുപോകുകയായിരുന്നെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബര്‍ 28-നാണ്.
ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിറ്റേന്നുതന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ത്രീപ്രവേശന സാധ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.
അതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്‍പതിന് രഹ്ന ഫാത്തിമ പോലീസിന്റെ അകമ്പടിയോടെ സന്നിധാനംവരെ എത്തിച്ചേര്‍ന്നത്.
ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല ചവിട്ടാന്‍ പൊലീസ് അകമ്പടിയോടെ അവിടെ എത്തിച്ചേര്‍ന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ആദ്യമായി ഈ വിഷയം പത്രസമ്മേളനം വിളിച്ചറിയിച്ചത്.
കോട്ടയത്ത് പൊലീസ് ക്ലബ്ബില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് അവരെ മലചവിട്ടാന്‍ കൊണ്ടുപോയത് എന്നത് സംബന്ധിച്ച് കൃത്യമായി അദ്ദേഹം പത്രസമ്മേളനത്തില്‍ അന്ന് പറഞ്ഞിരുന്നു.
പിന്നീട് ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവര്‍ത്തിച്ചു. ഷിബു ബേബി ജോണും വിഡി സതീശനും പറഞ്ഞപ്പൊഴൊന്നുമില്ലാത്ത ആക്രമണമാണ് സിപിഎം സൈബര്‍ സംഘത്തിന്റെ നേൃത്വത്തില്‍ തനിക്കെതിരെ നടത്തുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
പൊറോട്ട-ബീഫ് വിഷയത്തില്‍ ബിന്ദു അമ്മിണി മറുപടിയുമായെത്തിയിരുന്നു. 'ബീഫ് എനിക്കിഷ്ടമാണ്. പക്ഷേ, പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്' എന്നായിരുന്നു ബിന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചത്.