/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു.
കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ഉണ്ണിക്യഷ്ണന്‍ പോറ്റി ചൂഷണം ചെയ്തതായി വിജിലന്‍സിന് വിവരം ലഭിച്ചു.
സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഇയാള്‍ ബ്ലേഡ് പലിശയ്ക്ക് നല്‍കിയിരുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ബെംഗളൂരുവിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിജിലന്‍സിന് നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്.
കര്‍ണ്ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അയ്യപ്പഭക്തരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇര.
ഒരു സമര്‍പ്പണത്തിനായി ഇയാള്‍ പലരില്‍ നിന്ന് പണം വാങ്ങുകയും അതില്‍ ഓരോ ആളുകളുടെയും പണം ഉപയോഗിച്ചാണ് സമര്‍പ്പണം നടത്തിയതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാകുന്ന അയ്യപ്പഭക്തര്‍ വിചാരിക്കുന്നത് അവരുടെ പണം ഉപയോഗിച്ചാണ് സമര്‍പ്പണം നടന്നത് എന്നാണ്.
വിവാദ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാനും ഇയാള്‍ ഒന്നിലധികം ധനികരില്‍ നിന്ന് പണം വാങ്ങിയതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയായതുകൊണ്ട് പണം നല്‍കിയവര്‍ക്ക് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ്.