ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടക്കുന്നു; വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുള്ള കേന്ദ്ര നടപടിയുടെ ഭാഗമായാണ് നോട്ടീസ് ലഭിച്ചതെന്ന് സാബു എം. ജേക്കബ്

New Update
sabu m jacob

കൊ​ച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. 

Advertisment

കേന്ദ്ര സർക്കാർ വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് തനിക്കും നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

വിദേശ പണമിടപാടുകൾ നൂറു ശതമാനവും ഇന്ത്യയിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം കയറ്റുമതിക്കാർക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മെയ് മാസത്തിൽ ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റാണ് ഇഡി ആവശ്യപ്പെട്ടതെന്നും അവയെല്ലാം കൃത്യമായി ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശ വ്യാപാരം നടത്തുമ്പോൾ ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതിൽ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ല. ഇത് കേവലം നിയമപരമായ ഒരു നടപടി മാത്രമാണെന്നും കള്ളരേഖകൾ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തനിക്കെതിരെ ബോധപൂർവ്വം വ്യാജവാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ടെലികാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകുമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

Advertisment