/sathyam/media/media_files/2026/01/28/sabu-shiyas-2026-01-28-21-55-59.jpg)
കൊച്ചി: ട്വന്റി-20 പാർട്ടിയെ പിരിച്ചുവിടുകയോ അല്ലെങ്കിൽ സാബു എം. ജേക്കബ് സ്ഥാനം രാജിവെച്ച് പുറത്തുപോവുകയോ ചെയ്യണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ് ലഭിച്ചതിന് പിന്നാലെ ജയിലിൽ പോകുന്നത് ഒഴിവാക്കാനാണ് സാബു ജേക്കബ് എൻ.ഡി.എ മുന്നണിയിൽ ചേർന്നതെന്ന് ഷിയാസ് ആരോപിച്ചു.
സാബുവിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ ട്വന്റി-20യിൽ നിന്ന് ഭാരവാഹികൾ കൂട്ടത്തോടെ രാജിവെക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡി.സി.സി അധ്യക്ഷന്റെ പ്രതികരണം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയുടെ ഭാഗമാകാൻ സാബു തീരുമാനിച്ചത് ഭയപ്പാട് മൂലമാണ്.
ഇത്രയും കാലം രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവർത്തകരെയും അഴിമതിക്കാരെന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിയാണ് ഇപ്പോൾ ബി.ജെ.പിക്ക് അടിയറവ് പറഞ്ഞിരിക്കുന്നത്.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ കരിനിയമം ചുമത്തി ജയിലിലടയ്ക്കുന്നവർക്കൊപ്പമാണ് സാബു കൈകോർത്തിരിക്കുന്നതെന്നും ഷിയാസ് പരിഹസിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പോടു കൂടി തന്നെ ട്വന്റി-20 എന്ന പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. മത്സരിച്ച പലയിടങ്ങളിലും കെട്ടിവെച്ച പണം പോലും അവർക്ക് ലഭിച്ചില്ല.
പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ നടക്കുന്ന സാഹചര്യത്തിൽ ട്വന്റി-20 പിരിച്ചുവിടുന്നതാണ് ഉചിതമെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us