/sathyam/media/media_files/2026/02/09/sachidanandan-2026-02-09-19-43-30.jpg)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കേരള സാഹിത്യ അക്കാദമി പ്രസിഡൻറും ഇടത് സഹയാത്രികനും കവിയുമായ കെ.സച്ചിദാനന്ദൻ നടത്തിയ പ്രതികരണങ്ങൾ സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു.
തുടർഭരണം വീണ്ടും വരുന്നത് ആപത്താണെന്ന സച്ചിദാനന്ദൻറെ മുന്നറിയിപ്പാണ് സിപിഎമ്മിനെയും സർക്കാരിനെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
തുടർഭരണത്തിൽ നിന്ന് മാറി പ്രതിപക്ഷത്തിരിക്കാൻ തയാറാകണമെന്ന് പറയുന്ന കെ.സച്ചിദാനന്ദൻ, ന്യൂനപക്ഷ വിഭാഗത്തോടുളള പാർട്ടിയുടെ സമീപനത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
''വർഗീയമല്ലാത്ത വലിയ ന്യൂനപക്ഷം കേരളത്തിൽ ഉണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കണം. ഹിന്ദുത്വ നേതൃത്വത്തിന്റെ കാലത്ത് അത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. ഇത് കമ്മ്യൂണിസ്റ്റുകാർ മറന്നുപോകുന്നു.
/sathyam/media/post_attachments/2020/02/sachidanandan-792327.jpg)
നാരായണഗുരുവിൻെറ ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാൾ വലുതാക്കികാണിക്കുന്നു. ഇത് പാർട്ടിക്ക് ഭൂഷണമല്ല.വർഗീയമല്ലാത്തന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുളള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ട്" കവി കെ,സച്ചിദാനന്ദൻ തുറന്നടിച്ചു.
തുടർഭരണം ആപത്താണെന്ന പരാമർശത്തേക്കാൾ ഗുരുതര സ്വഭാവത്തിലുളള വിമർശനമാണിത്. വെളളാപ്പളളി നടേശൻെറ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്ക് പിന്നാലെ മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലനും മന്ത്രി സജി ചെറിയാനും നടത്തിയ പരാമർശങ്ങളും മതേതര വിശ്വാസികൾക്കിടയിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെ എക്കാലവും ഇടതുപക്ഷ പുരോഗമന നിലപാട് സ്വീകരിച്ച് പോന്നിട്ടുളള കെ.സച്ചിദാനന്ദനും പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗങ്ങളോടുളള സമീപനത്തെ ചോദ്യം ചെയ്ത് രംഗത്തുവരുമ്പോൾ സിപിഎം നിലപാടിൽ പിശകുണ്ടെന്ന വിമർശനത്തിന് അടിവര ഇടുകയാണ്.
സച്ചിദാനന്ദനെ പോലെ സ്വീകാര്യതയുളള ഒരാൾ ഇത് ചൂണ്ടിക്കാട്ടുമ്പോൾ മതേതര വിശ്വാസികൾക്കും പൊതുസമൂഹത്തിലും വലിയ വിശ്വാസ്യത കിട്ടും. ഇതുതന്നെയാണ് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നം.
/sathyam/media/post_attachments/image-cdn/width=1300/img/2020-05/home-image66-310b-381985.jpg)
രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നത് പോലെ രൂക്ഷമായ വിമർശിച്ചോ വാക്പോര് നടത്തിയോ സച്ചിദാനന്ദനെ നേരിടാനാകാത്തതും സിപിഎമ്മിനെ പ്രതിസന്ധിയിലിക്കാന്നുണ്ട്.
സച്ചിദാനന്ദൻറെ പരാമർശങ്ങളോട് പ്രതികരിച്ച സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിമർശനങ്ങൾ ഉൾക്കൊളളുമെന്നാണ് പറഞ്ഞത്. എം.വി.ഗോവിന്ദൻെറ ഈ പ്രതികരണത്തിൽ തന്നെ സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി എത്രയാണെന്ന് വ്യക്തമാണ്.
സച്ചിദാനന്ദന് പിന്നാലെ സാറാ ജോസഫ് കൂടി തുടർഭരണത്തിനും ന്യൂനപക്ഷസമീപനത്തിനും എതിരെ രംഗത്ത് വന്നിട്ടുണ്ട്.
പ്രതിരൂക്ഷമായതോടെ പാർട്ടിയുടെ സാഹിത്യ സാംസ്കാരിക രംഗത്തുളളവരെ രംഗത്തിറക്കി സച്ചിദാനന്ദനെയും സാറാ ജോസഫിനെയും പ്രതിരോധിക്കാനാണ് സിപിഎമ്മിൻെറ ശ്രമം.
ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും സജീവമായ പാർട്ടി നേതാക്കളും കുറിപ്പുകളുമായി സച്ചിദാനന്ദനെയും സാറാ ജോസഫിനെയും പ്രതിരോധിക്കാൻ രംഗത്തുണ്ട്.
സച്ചിദാനന്ദനും സാറാ ജോസഫും എം.എൻ. കാരശേരിയോടൊപ്പം ചേർന്നിരിക്കുകയാണ് എന്നതാണ് സിപിഎം നേതാക്കളുടെയും സാംസ്കാരിക നായകരുടെയും പ്രതിരോധം.
കോൺഗ്രസ് അനുകൂല നിലപാട് എടുക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് കാരശേരി. സച്ചിദാനന്ദനും സാറാ ജോസഫും കോൺഗ്രസ് അനുകൂല സമീപനം സ്വീകരിക്കുന്നു എന്നാണ് സിപിഎം ഇതിലൂടെ പരോക്ഷമായി പറഞ്ഞുവെക്കുന്നത്.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ എൻ. പ്രഭാവർമ്മയുമായുളള ഭിന്നതയാണ് കെ.സച്ചിദാനന്ദൻെറ സർക്കാർ വിരുദ്ധ പരാമർശത്തിന് പിന്നിലെന്നും സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്.
തുടർ ഭരണം ആപത്താണെന്ന കെ.സച്ചിദാനന്ദൻെറ വാദം വിചിത്രമാണെന്നാണ് പുരോഗമന കലാസാഹിത്യ സംഘം നേതാവും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറുമായ അശോകൻ ചരുവിലിൻെറ വിമർശനം. '' സച്ചിദാനന്ദൻ ഇടതുപക്ഷത്തിന്റെ ഭാഗം തന്നെയാണ്.
എന്നാൽ ഇപ്പോൾ ഉയർത്തിയത് വിചിത്രവാദം പ്രതിപക്ഷ സമരത്തിന് സൗന്ദര്യം കാണാൻ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കണം എന്നാണോ പറയുന്നത്? സമരത്തിന്റെ സൗന്ദര്യം കാണാൻ കേരളത്തെ നശിപ്പിക്കണോ?
കോൺഗ്രസ് ബിജെപി ആകാതിരിക്കാൻ അവരെ ഭരണത്തിൽ ഏറ്റണമെന്നാണ് കാരശ്ശേരി പറയുന്നത്. അതേ വാദമാണ് സച്ചിദാനന്ദനും സാറാ ജോസഫും ഉയർത്തുന്നത്. 2021ൽ കാരശ്ശേരിയുടെ ഇതേ നിലപാട് ജനം തള്ളിക്കളഞ്ഞതാണ്.കേരളത്തിൻറെ നന്മയ്ക്ക് തുടർഭരണം ഉണ്ടാകണം.
അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്'' അശോകൻ ചരുവിൽ വിമർശിച്ചു.സച്ചിദാനന്ദൻെറ നിലപാടുകളെ പരിഹസിച്ച് കൊണ്ടുളള അശോകൻ ചരുവിലിൻെറ ഫേസ് ബുക്ക് കുറിപ്പിലും രൂക്ഷ വിമർശനമുണ്ട്. ''
പ്രിയപ്പെട്ടവരായ സച്ചിദാനന്ദൻ മാഷും സാറാ (ജോസഫ്) ടീച്ചറും കാരശ്ശേരി മാഷെ പിന്തുടർന്നിരിക്കുന്നു. സച്ചിമാഷടെ വാദം ഏറെ കൗതുകമായി തോന്നി. പ്രതിപക്ഷമാണ് ജനാധിപത്യത്തിൽ പ്രധാനം. അവിടത്തെ ശൂന്യത നികത്താൻ കൂടുതൽ ഉത്തരവാദിഞ്ഞതുളളവരായ ഇടതുപക്ഷം അങ്ങോട്ട് മാറിയിരിക്കണം!
ചിലഘട്ടങ്ങളിൽ "രക്ഷിക്കാനും" ചിലഘട്ടങ്ങളിൽ "നശിപ്പിക്കാനും" വേണ്ടി ഇടതുപക്ഷത്തെ, പ്രത്യേകിച്ചും അതിനകത്തെ കമ്യൂണിസ്റ്റ് പാർട്ടികളെ വിമർശിച്ച ചരിത്രമാണ് ഈ വലിയ എഴുത്തുകാർക്കുള്ളത്.
കാരശേരിമാഷും സാറടീച്ചറും തൊപ്പിവെച്ചിട്ടാണ് രംഗത്തിറങ്ങിയതെങ്കിൽ അതിനു മുൻപേ തന്നെ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചിമാഷ്ക്കുള്ളത്.എന്നാൽ ഇങ്ങനെ വിമർശിക്കുന്ന ഇവർ ഇടതുപക്ഷത്തിന് അന്യരാണോ?
ഒരിക്കലുമല്ല. രണ്ടു കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് ഇവർ പ്രതിഭാശാലികളായ എഴുത്തുകാർ ആണെന്നതു തന്നെ. രണ്ടാമത്തേത് ഇടതുപക്ഷത്തെ വിമർശിക്കുന്ന മറ്റു ചില സാഹിത്യനായകന്മാരെപ്പോലെ ഇവർ രാഷ്ട്രീയ ഹിന്ദുത്വപക്ഷത്തോട് അനുഭാവം പുലർത്തുന്നില്ല.
സംഘപരിവാർ ഭീകരതയെ എതിർക്കാനും തള്ളിപ്പറയാനും ഇടതുപക്ഷത്തോടൊപ്പം തയ്യാറാവുന്നു. ഇത് ഇക്കാലത്ത് വളരെ പ്രധാനപെട്ട സംഗതിയാണ്'' അശോകൻ ചരുവിൽ ഫേസ് ബുക്കിൽ കുറിച്ചു.പ്രതിരോധവുമായി സാംസ്കാരിക നായകരെ രംഗത്തിറക്കിയിട്ടുണ്ടെങ്കിലും സച്ചിദാനന്ദൻെറ പ്രതികരണം സിപിഎമ്മിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us