/sathyam/media/media_files/2025/09/24/piccvgj-2025-09-24-18-49-01.jpeg)
കോഴിക്കോട്: ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തെക്കുറിച്ച് ഗവ. സൈബര്‍ പാര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. 'സുരക്ഷിത ഇടങ്ങള്‍: സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലങ്ങള്‍ സൃഷ്ടിക്കല്‍' എന്ന വിഷയത്തില്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിലാണ് പരിപാടി നടന്നത്.
ഫിയോ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സുഹൈല്‍ കുണ്ടില്‍ സെഷന്‍ നയിച്ചു. പോഷ് നിയമത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ചകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം പങ്കുവച്ചു.
സഹ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെഷനില്‍ സൈബര്‍ പാര്‍ക്ക് അധികൃതരും വിവിധ കമ്പനി പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ കാഴ്ചപ്പാടുകളും ആശയങ്ങളും അവര്‍ മുന്നോട്ടുവച്ചു.
പോഷ് നിയമത്തിന്റ വ്യവസ്ഥകളെക്കുറിച്ച് അവബോധം നല്‍കിക്കൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതവും ആദരവ് ലഭിക്കുന്നതുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും ശ്രമിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനും തുല്യതയ്ക്കുള്ള അവകാശത്തെ മാനിക്കുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി 2013 ല്‍ ആണ് പോഷ് ആക്റ്റ് നടപ്പിലാക്കിയത്.