/sathyam/media/media_files/2025/07/07/saji-cheriyan-2025-07-07-18-50-40.jpg)
തിരുവനന്തപുരം: മലപ്പുറത്തെയും കാസർഗോട്ടെയും തിരഞ്ഞെടുപ്പ് വിജയങ്ങളെ മതവുമായി ബന്ധിപ്പിച്ചു മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമാകന്നു.
വിജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം മനസ്സിലാക്കാം എന്ന മന്ത്രിയുടെ വാക്കുകൾക്കെതിരെ മുസ്ലിം ലീഗും കോൺഗ്രസും ശക്തമായി രംഗത്തുവന്നു.
മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വോട്ടർമാരെയും അവരുടെ ജനാധിപത്യ ബോധ്യത്തെയും അധിക്ഷേപിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള നീക്കം ഒടുവിൽ ഇടതുപക്ഷത്തിന് തന്നെ വിനയാകുന്ന കാഴ്ചയാണ് കാണുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമാകുമെന്ന് സി.പി.എമ്മിനുള്ളിലും ആശങ്കയുണ്ട്.
വിവാദമായതോടെ തിരുത്തലുമായി മന്ത്രി രംഗത്തെത്തിയെങ്കിലും, പ്രസ്താവന സൃഷ്ടിച്ച രാഷ്ട്രീയ പ്രത്യാഘാതം ചെറുതല്ല.
മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറത്തും കാസർഗോട്ടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം വ്യക്തമാകും എന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും മുന്നണി ബന്ധങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ പരാമർശം സി.പി.എമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന വലിയൊരു വിഭാഗം ന്യൂനപക്ഷ വോട്ടുകൾ അകന്നുപോകാൻ ഈ പ്രസ്താവന കാരണമായേക്കാം.
മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും "വർഗീയ ബന്ധമുള്ള കക്ഷികൾ" എന്ന് മുദ്രകുത്താനുള്ള സി.പി.എം നീക്കത്തിന് സജി ചെറിയാൻ്റെ പ്രസ്താവന തിരിച്ചടിയാകും.
വർഗീയ ചാപ്പ അടിക്കാനുള്ള നീക്കം യു.ഡി.എഫിന് അനുകൂലമായി മാറാനാണ് സാധ്യത. സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ എൽഡിഎഫിലും മുറുമുറുപ്പുണ്ട്.
മുന്നണിയിലെ ചില ഘടകകക്ഷികൾക്കും പ്രസ്താവനയിൽ ശക്തമായ വിയോജിപ്പുണ്ട്. ഇത് ഭരണ മുന്നണിക്കുള്ളിലെ ഐക്യത്തെയും ബാധിച്ചേക്കാം.
പേരിൻ്റെ അടിസ്ഥാനത്തിൽ വോട്ടർമാരുടെ താൽപ്പര്യത്തെ വിലയിരുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദം ശക്തമാണ്. ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നതായും വിമർശനം പങ്കുവെയ്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പരാമർശം നടത്തിയത് ഇടതുപക്ഷം കൂടി ജയിച്ചിട്ടുള്ള മണ്ഡലങ്ങളിൽ പാർട്ടി അണികളിൽ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
സംഘപരിവാർ ഭാഷയിലാണ് മന്ത്രി സംസാരിക്കുന്നതെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത് സി.പി.എമ്മിൻ്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ന്യൂനപക്ഷ ധ്രുവീകരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വികാരവും സമൂഹത്തിൽ ഉണ്ട്.
സജി ചെറിയാൻ്റെ വിവാദ പരാമർശം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സഭക്കകത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഇതിനെ ഉപയോഗിക്കും.
സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ സജി ചെറിയാൻ്റെ പ്രസ്താവന സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേ യത്തിന് നോട്ടീസ് നൽകും.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സമൂഹത്തിൽ മതപരമായ വിള്ളൽ ഉണ്ടാക്കാൻ ശ്രമിച്ചെന്നും പ്രതിപക്ഷം വാദിക്കും.
മുൻപ് ഭരണഘടനാ വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം മുൻനിർത്തി, ഇത്തവണയും മന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് പ്രതിപക്ഷം ചോദിക്കും.
പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മുൻപത്തെ ചില പരാമർശങ്ങളും ഇതിനോട് കൂട്ടിച്ചേർത്ത്, സർക്കാർ മൊത്തത്തിൽ ഒരു പ്രത്യേക ജില്ലയെയും സമുദായത്തെയും വേട്ടയാടുന്നു എന്ന് സ്ഥാപിക്കാനാകും വി.ഡി. സതീശനും സംഘവും ശ്രമിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us