/sathyam/media/media_files/2025/07/07/saji-cheriyan-2025-07-07-18-50-40.jpg)
തിരുവനന്തപുരം: സംസ്ഥാന സമ്മേളന റിപ്പോർട്ടിലൂടെ തിരുത്തിയിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ 'നാക്കുപിഴകൾ' നിരന്തരം ആവർത്തിക്കുന്നതിൽ സി.പി.എം നേതൃത്വത്തിൽ കടുത്ത അമർഷം.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതാക്കൾക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ മുഖ്യമന്ത്രി നേരിട്ട് നേതാക്കൾക്കാകെ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണമില്ലാതെ സംസാരിക്കുന്ന ശൈലി ആവർത്തിക്കുന്നതാണ് സജി ചെറിയാനോടുളള അമർഷം കനക്കാൻ കാരണം.
മൈക്ക് കാണുമ്പോൾ തോന്ന്യാസം വിളിച്ചു പറയുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ മാസം 20ന് എ.കെ.ജി സെൻററിൽ നടന്ന ശിൽപ്പശാലയിൽ മുഖ്യമന്ത്രി നൽകിയ മുന്നറിയിപ്പ്.
ആർ.എസ്.എസ് സഹകരണമുണ്ടായെന്ന പ്രസ്താവന നടത്തിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുളള മുന്നറിയിപ്പായി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും നിയന്ത്രണമില്ലാതെ സംസാരിക്കുന്ന എല്ലാ നേതാക്കൾക്കുമുളള മുന്നറിയിപ്പായിരുന്നു അത്.
സജി ചെറിയാനും എം.വി ഗോവിന്ദനും ഇ.പി.ജയരാജനും എല്ലാം അത് ബാധകമാണെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടുന്ന ശൈലി നിരന്തരം ആവർത്തിക്കുന്നതിലൂടെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് മറ്റാരെയും ഉദ്ദേശിച്ചല്ല തനിക്ക് തന്നെയാണെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് സജി ചെറിയാനെന്നാണ് സി.പി.എമ്മിലെ അടക്കം പറച്ചിൽ.
ശിൽപ്പശാലക്ക് ശേഷം രണ്ട് വിവാദ പ്രതികരണങ്ങളാണ് സജി ചെറിയാനിൽ നിന്നുണ്ടായത്.
കൊച്ചി കണ്ണമാലിയിൽ കടലേറ്റത്തിൽ വലഞ്ഞ് പ്രതിഷേധം നടത്തുന്നവർക്ക് മറുപടിയായി നടത്തിയ പ്രതികരണവും സ്വകാര്യ ആശുപത്രിയിൽ പോയതുകൊണ്ടാണ് തൻെറ ജീവൻ രക്ഷിക്കാനായതുമെന്നുളള പ്രതികരണവുമാണ് സജി ചെറിയാനെ വിവാദത്തിലാക്കിയത്.
അളിയാ കയറേണ്ട എന്നു പറഞ്ഞാൽ കടലാക്രമണം തടയാനാകുമോ എന്ന പ്രതികരണം പരക്കെ വിമർശിക്കപ്പെടുന്നതിനിടയിലാണ് സ്വകാര്യ ആശുപത്രിയെ പ്രകീർത്തിച്ചു കൊണ്ടുളള അടുത്ത നാക്കുപിഴ സംഭവിച്ചത്.
ആദ്യത്തെ പ്രതികരണത്തെ വേണമെങ്കിൽ തമാശയെന്ന് പറഞ്ഞ് നിസാരവൽക്കരിക്കാനാകുമെങ്കിലും സ്വകാര്യ ആശുപത്രിയെ പുകഴ്ത്തുന്ന പ്രസ്താവനയെ അങ്ങനെ കാണാനികില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കോട്ടയം മെഡിക്കൽകോളജിലെ അപകട മരണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം കനത്തപ്പോൾ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് പറഞ്ഞാണ് പ്രതിരോധിച്ചത്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളെല്ലാം കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം പത്ര സമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ തീരുമാന പ്രകാരമായിരുന്ന പ്രതിപക്ഷത്തിന് എതിരെ സ്വകാര്യവൽക്കരണ ആക്ഷേപം ഉന്നയിച്ചത്.
ആ സെക്രട്ടേറിയേറ്റ് യോഗത്തിൽ ആദ്യാവസാനം പങ്കെടുത്തയാളാണ് മന്ത്രി സജി ചെറിയാൻ. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യ മേഖലയെ ഇടിച്ചു താഴ്ത്തുന്ന തരത്തിലുളള മന്ത്രിയുടെ പരാമർശം തികച്ച അച്ചടക്ക ലംഘനം ആണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പുറത്ത് പ്രതിരോധിക്കുന്ന മന്ത്രിമാർ അടക്കമുളളവർ പോലും സജി ചെറിയാൻെറ പരാമർശം തെറ്റാണെന്ന വികാരത്തിലാണ്. നേരത്തെ ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന പ്രതികരണത്തിൻെറ പേരിൽ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നയാളാണ് സജി ചെറിയാൻ.
രാജി പോലും പാഠമാകാത്ത സജി ചെറിയാൻെറ നാവിനെ എങ്ങനെ മെരുക്കി നിർത്താനാവും എന്നാണ് സി.പി.എം നേതൃത്വത്തിലെ ആലോചന. അടുത്ത വെളളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ സജി ചെറിയാൻ വിവാദ പ്രസ്താവന ചർച്ചയായേക്കും.
തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഭരണ-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണം നടത്തുമ്പോൾ നല്ല ജാഗ്രതപാലിക്കണമെന്ന് യോഗം സജി ചെറിയാനോട് ആവശ്യപ്പെട്ടേക്കും.
കൊല്ലം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപോർട്ടിൽ സജി ചെറിയാൻെറ നിയന്ത്രണമില്ലാത്ത പ്രസ്താവനക്കെതിരെ മുന്നറിയപ്പുണ്ടായിരുന്നു.
സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയിൽ സജി ചെറിയാൻെറ പ്രവർത്തനം വിലയിരുത്തി കൊണ്ടുളള ഭാഗത്താണ് പ്രതികരണങ്ങളിൽ നിയന്ത്രണം പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇതൊന്നും കണക്കിൽ എടുക്കാതെ മുന്നോട്ടുപോകുകയാണ് സജി ചെറിയാൻ.
ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനക്ക് ശേഷവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ സജി ചെറിയാന് സമാനമായ മുന്നറിയപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടിലാണ് സജി ചെറിയാൻെറ പോക്ക്.
സ്വകാര്യ ആശുപത്രികളെ പുകഴ്ത്തിക്കൊണ്ടുളള സജി ചെറിയാൻെറ പ്രസ്താവന അനാവശ്യമാണെന്നാണ് സിപിഎമ്മിൻെറ വിലയിരുത്തല്‍. പ്രസ്താവന പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി മാറി.
സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തിൻെറ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്നാണ് സി.പി.എം നേതൃത്വത്തിൻെറ വിമർശനം.