കണ്ണൂർ: നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ പതിറ്റാണ്ടോളം ചെറുത്തു നിൽപ്പിന്റെ പ്രതീകമായി നിന്ന സമരസഖാവിന് വിട ചൊല്ലി നാട്. ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരക്കണക്കിനു പ്രവർത്തകരാണ് എത്തിയത്.
തലശ്ശേരി ടൗൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൗതിക ശരീരം സംസ്കരിച്ചു. നൂറു കണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷിയായത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി.ജയരാജൻ, എം.സ്വരാജ്, എ.എ.റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.