/sathyam/media/media_files/2026/01/07/pinarai-vijayan-3-2026-01-07-14-22-37.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പ്രഖ്യാപിക്കാനുള്ള നീക്കം തകൃതിയായി. ഈ മാസം അവസാനം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരിക്കും ശമ്പളപരിഷ്കരണം പ്രഖ്യാപിക്കുകയെന്നാണ് സൂചന.
ഏപ്രിലിൽ പുതുക്കിയ ശമ്പളം ലഭിക്കുന്ന തരത്തിൽ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നാണ് അറിയുന്നത്. ശമ്പള പരിഷ്കരണത്തിന് സാധാരണ കമ്മീഷനുകളെയാണ് നിയോഗിക്കാറുള്ളത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് അടുത്തതിനാൽ കമ്മീഷനെ നിയോഗിക്കാതെ പരിഷ്കരണം നടപ്പാക്കാനാണ് നീക്കം.
ശമ്പള പരിഷ്കരണ കമ്മീഷന് പകരം സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ തല സമിതി പരിഷ്കരണത്തിന് ഫോർമുല തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങ് കണക്കാക്കിയാണ് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്നത്.
27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനം വർധനയുണ്ടാവുമെന്നാണ് സൂചന.
അടിസ്ഥാനശമ്പളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാന ശമ്പളം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാന ശമ്പളമെന്നാണ് അറിയുന്നത്.
ശമ്പളപരിഷ്കരണം നടപ്പാക്കുന്നകോടെ ശമ്പളത്തിനു പെൻഷനുമായി പ്രതിവർഷം 93000 കോടി വേണ്ടിവരും. നിലവിൽ 70000 കോടിയാണ് വേണ്ടത്.
ശമ്പളപരിഷ്കരണം അടക്കം ആവശ്യങ്ങളുന്നയിച്ച് സിപിഎം അനുകൂല സർവീസ് സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 12, 13 തീയതികളില്‍ രാപകല്‍ സമരം നടത്തുന്നുണ്ട്. ഇതിനു ശേഷമാവും പ്രഖ്യാപനം വരികയെന്നാണ് സൂചന.
ശമ്പളപരിഷ്കരണം, ഡി.എ കുടിശിക എന്നീ വിഷയങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ സർക്കാരുമായി ഉടക്കിലാണ്. ഭരണപക്ഷ സംഘടനകൾക്ക് പോലും എതിർപ്പുണ്ട്.
എന്നാൽ ശമ്പളപരിഷ്കരണത്തിനു പുറമെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ നടത്തുമെന്നാണ് അറിയുന്നത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നത് ഏറെക്കാലമായി ജീവനക്കാരുടെ ആവശ്യമായിരുന്നു. നേരത്തേ ഇത് പിൻവലിക്കുമെന്ന് ഇടതുമുന്നണി വാഗ്ദാനം നൽകിയിരുന്നതാണെങ്കിലും നടപ്പാക്കിയില്ല.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് പഠിക്കാൻ ഇടയ്ക്കിടെ സമിതികളെ നിയോഗിക്കുമെങ്കിലും നടപടികളില്ല. സർക്കാർ ജീവനക്കാർക്കായി 2013ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ വിശദമായി പരിശോധിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന പുതിയ സമിതി രൂപീകരിച്ചിരുന്നു.
2013 ഏപ്രിൽ ഒന്നിനു ശേഷം സർവീസിലെത്തിയവർക്കാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു.
സർവീസ് സംഘടനകളുടെ സമ്മർദം ശക്തമായപ്പോഴാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ച് രണ്ടു വർഷമായിട്ടും നടപടികളുണ്ടായില്ല.
ഇതിനിടെ, സെപ്റ്റംബർ 19ന് മുൻപ് എല്ലാ സർക്കാർ ജീവനക്കാരും പദ്ധതിയിൽ ചേരണമെന്നും ഇനി ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു. ഇതോടെ, എല്ലാ ഭരണപക്ഷ സർവീസ് സംഘടനകളിലെയും അംഗത്വം ഉപേക്ഷിക്കുകയെന്ന പ്രതിഷേധ സമരമുറയുമായി പങ്കാളിത്ത പെൻഷൻകാർ രംഗത്തെത്തി.
ഇതിനു പിന്നാലെയാണ് പുന:പരിശോധനയ്ക്ക് വീണ്ടും ഉന്നതതല സമതിയെ നിയോഗിച്ചത്. പുന:പരിശോധന പഠിച്ച സമിതിയുടെ റിപ്പോർട്ടിൽ വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചതെന്നായിരുന്നു സർക്കാർ നിലപാട്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരുമെന്ന് ഓരോ വർഷവും സത്യവാങ്മൂലം നൽകുന്ന സംസ്ഥാനങ്ങൾക്ക് അധികവായ്പയ്ക്ക് അനുമതി നൽകാമെന്ന് കേന്ദ്രം വ്യവസ്ഥ വച്ചിരുന്നു. ഇതുപ്രകാരം കേരളം കഴിഞ്ഞ വർഷം 1,700 കോടി രൂപ വായ്പയെടുത്തിരുന്നു.
ഈ വർഷവും ഈ സഹായം കൈപ്പറ്റും. ഇതാണ് പദ്ധതി പിൻവലിക്കുന്നതിന് പ്രധാന തടസം. ക്ഷാമബത്ത കുടിശ്ശിക നല്‍കുന്ന കാര്യത്തിലും അനുകൂല നിലപാടുണ്ടാകുമെന്നാണ് വിവരം.
എത്രനാളത്തെ കുടിശ്ശിക നല്‍കുമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇത് പിഎഫില്‍ ലയിപ്പിക്കാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us