ആലപ്പുഴ: പരിഹാരം തേടുന്ന പരാതികളുമായി കിഴക്കിന്റെ വെനീസിലെ വിവിധ തുറകളിൽ നിന്നുള്ളവർ ജനകീയ ചർച്ചാ സദസ്സിൽ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്.
മക്കളെ ഓർത്തുള്ള അമ്മമാരുടെ നൊമ്പരമാണ് പ്രധാനമായി ഉയർന്നു കേട്ടത്. തോട്ടപ്പള്ളിയിൽ 27 ദിവസം മുമ്പ് ക്ഷേത്രോത്സവത്തിന് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ ഹെൽമറ്റിന് അടിച്ച് വകവരുത്തിയ നന്ദുവിന്റെ അമ്മ ബിജിമോൾ നീതിതേടി ചർച്ചാസദസ്സിൽ എത്തി.
പരിസരത്തെ ക്ഷേത്രോത്സവത്തിനിടെ നന്ദുവിന്റെ സുഹൃത്തുക്കളെ ചിലർ മർദ്ദിച്ചു. തടസ്സം പിടിക്കാൻ ചെന്ന നന്ദുവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
അതുകൊണ്ടുതന്നെ തങ്ങൾക്ക് നീതി കിട്ടില്ലെന്നുള്ള ആശങ്കയാണ് ആ അമ്മയ്ക്ക്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
70 ദിവസം മുൻപ് കടലിൽ മത്സ്യബന്ധനത്തിന് പോയ മകനെ കുറിച്ചുള്ള വിവരമില്ലാത്തതിന്റെ ദുഃഖവുമായാണ് അമ്മ റീത്ത തോമസും പിതാവ് കെപി തോമസും ജനസദസ്സിൽ എത്തിയത്.
സൈക്കിൾ പോളോ മത്സരത്തിനായി നാഗ്പൂരിൽ പോയ നിത ഫാത്തിമയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമായിരുന്നു അമ്മ അൻസിലയ്ക്കും പിതാവ് ഷിഹാബിനും. കഴിഞ്ഞ ഡിസംബർ 22നായിരുന്നു സംഭവം.
ഛർദിയെ തുടർന്ന് നാഗപ്പുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിതയ്ക്ക് ആശുപത്രി അധികൃതർ നൽകിയ കുത്തിവയ്പ്പിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. മെഡിക്കൽ അനലൈസിഷൻ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കുറ്റക്കാരായ ആശുപത്രി അധികൃതരെ സഹായിക്കുന്ന നിലപാടാണ് നാഗ്പൂർ പോലീസ് സ്വീകരിക്കുന്നതെന്ന് ഷിഹാബ് ആരോപിച്ചു.
ആലപ്പുഴ വനിത-ശിശു രോഗ ആശുപത്രിയിൽ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ട ആശയുടെ ഭർത്താവ് ശരത്ചന്ദ്രനും നീതി സഹായത്തിനായി ചർച്ചാ സദസ്സിൽ എത്തി.
ആലപ്പുഴയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ധാതു മണൽ ഖനനത്തിനെതിരെ ആയിരം ദിവസമായി തങ്ങൾ സമരത്തിലാണെന്ന് സമരസമിതി ഭാരവാഹി സുരേഷ് തോട്ടപ്പള്ളി പറഞ്ഞു. ഏറ്റവും ദുർബലമായ ഈ തീരപ്രദേശം സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി.
ക്ഷേമപെൻഷനുകൾ കിട്ടാത്തവർ, കൃത്യമായി ഓണറേറിയം ലഭിക്കാത്ത ആശാവർക്കറുമാർ,അംഗൻവാടി ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങി ഒട്ടേറെ പേർ ചർച്ച സദസ്സിൽ ദുരിത ജീവിതത്തിന്റെ ചുരുളഴിക്കാൻ എത്തിയിരുന്നു.
കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് മൂന്നുമാസമായി പെൻഷൻ ലഭിക്കുന്നില്ല. 42,000 പെൻഷൻകാർ പ്രതിസന്ധിയിൽ ആണെന്ന് അവരുടെ പ്രതിനിധികളായ രാജേന്ദ്രൻ പിള്ള,ടി.രാധാകൃഷ്ണൻ,ജി. തങ്കമണി എന്നിവർ പറഞ്ഞു.
കേരളത്തിലെ മത്സ്യ സംസ്കരണ വ്യവസായത്തിന്റെ ആസ്ഥാനമാണ് ആലപ്പുഴ. എന്നാൽ മത്സ്യ സംസ്കരണ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പ്രധാനകാരണം. നൂറോളം സംസ്കരണ ഫാക്ടറികളും 800 ഓളം പീലിംഗ് ഷെഡുകളും ആലപ്പുഴയിൽ ഉണ്ട്. ഈ സ്ഥാപനങ്ങളിൽ 50000 ഓളം സ്ത്രീ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
രാജ്യത്തെ ജലസ്രോതത്തിന്റെ 10%വും കേരളത്തിലാണ്. ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കണമെന്ന്
ഈ മേഖലയിൽ നിന്നുള്ള വിവിധ സംഘടന പ്രതിനിധികളായ അഷറഫ് പുല്ലുവേലി,ബാബു മംഗള സീ ഫുഡ്സ്,അഡ്വ.അമർനാഥ്.അജി എന്നിവരുടെ ആവശ്യം.
ആലപ്പുഴയുടെ തനത് വ്യവസായമായ കയർ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടന പ്രതിനിധികൾ ചർച്ച സദസ്സിൽ പങ്കെടുത്തു.
പത്തുലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്ന കയർമേഖലയിൽ ഇപ്പോഴുള്ളത് 2 ലക്ഷം പേർ മാത്രമാണ്. കയർ കോർപ്പറേഷനും കയർഫെഡ് രൂപീകരിച്ചത് കയർ മേഖലയുടെ ഉന്നതിക്കുവേണ്ടിയാണ്. കയറ്റുമതിക്കാരിൽ നിന്ന് ഓർഡറുകൾ സ്വീകരിച്ച് സംഘങ്ങൾക്ക് നൽകിയിരുന്നത് കയർഫെഡ് ആണ്. ആ ഇനത്തിൽ 40 കോടി രൂപ സംഘങ്ങൾക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ട്. 683 പ്രാഥമിക കയർ ഉൽപാദന സംഘങ്ങളുടെ പ്രവർത്തനങ്ങൾ നിന്നു പോയി.
കയർ തൊഴിലാളികളുടെ പിന്തുണയോടെ അധികാരത്തിലേറിയ പ്രസ്ഥാനമാണ് സിപിഎം. എന്നാൽ അവരും തൊഴിലാളികളെ പൂർണമായി അവഗണിച്ചതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. തോമസുകുട്ടി പൂളിയിൽ, രാജേന്ദ്രപ്രസാദ്, കാർത്തികേയൻ, ആഘോഷ്കുമാർ, ജയലാൽ,പി.ആർ. ശശിധരൻ.എസ്.രാജേന്ദ്രൻ എന്നിവരാണ് കയർ മേഖല നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ചത്.
ആലപ്പുഴ ജില്ലയിൽ 45 ഹെക്ടർ ഭൂമിയിൽ നെൽകൃഷിയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ നാമം മാത്രമായി ചുരുങ്ങി. പത്തുവർഷമായി കൃഷി നഷ്ടത്തിലാണ്. യുപിഎ സർക്കാർ അനുവദിച്ച 1840 കോടി രൂപ വിനിയോഗിച്ചതിൽ ശാസ്ത്രീയമായല്ലെന്ന് കർഷകർ ചൂണ്ടിക്കാണിച്ചു.
ഈ ബജറ്റിൽ ആലപ്പുഴയിലെ നെൽകൃഷിക്ക് വേണ്ടി മാറ്റിവെച്ചത് പത്തുകോടി രൂപ മാത്രമാണ്. അതും തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണത്തിനാണ്. സ്പിൽവേ നവീകരിക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് കർഷകർ ആരോപിച്ചു.
ഈ നവീകരണത്തിന്റെ പ്രയോജനം കരിമണൽ ഖനനം ചെയ്യുന്നവർക്ക് മാത്രമേ ലഭിക്കുകയുളളന്ന് കർഷകർ ആരോപിച്ചു. മാത്യു ചെറുപറമ്പൻ വർഗീസ്.വലിയകളത്തിൽ, ലാലിച്ചൻ വലിയകാവിൽ,സാമുവൽ ജോസഫ്,ടോണി ജോസഫ്, സജി ചെങ്ങമനാട്.പി.എഫ്.തോമസ്, അലക്സ് മാത്യു,സാജു ജോസഫ് എന്നിവരാണ് കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് ശാലയായിരുന്ന ചേർത്തലയിലെ ഓട്ടോ കാസ്റ്റിന്റെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
കോർപ്പറേഷൻ കണ്ടിജൻസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.എ.രമേശൻ, അനിതകുമാരി എന്നിവർ ആവശ്യപ്പെട്ടു.
ജില്ലയുടെ ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സമറുദ്ദീൻ കബീർ,ഷിജുവിശ്വനാഥ്,എ.ആർ.നൗഷാദ് എന്നിവർ എത്തിയിരുന്നു. മെഡിക്കൽ കോളജിലെ എസി തകരാറിലായതോടെ ഐസിയു യൂണിറ്റ് ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. മാമോഗ്രാം മുടങ്ങിയിട്ട് മൂന്നുമാസമായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.
നിലവിലുള്ള സൗകര്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന പരാതിയും ചർച്ചയിൽ ഉയർന്നു. കൊച്ചി കപ്പൽശാലയുടെ പ്രശ്നങ്ങളാണ് ജോൺ വർഗീസ് ശ്രദ്ധയിൽപ്പെടുത്തിയത്. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളും സദസ്സിൽ ചർച്ച ചെയ്യപ്പെട്ടു.
പഴകുളം മധു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്എ.എ.ഷുക്കൂർ, മരിയപുരം ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us