സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം പരസ്യ പോരിലേയ്ക്ക്; പൊതു വേദികളിലെല്ലാം സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കത്തെയും സമസ്ത നേതൃത്വത്തെയും ലീഗ് നേതാക്കളും പ്രവർത്തകരും വെല്ലുവിളിക്കുമ്പോൾ തിരിച്ചുള്ള പ്രതികരണവും ശക്തം; ഒരു ഇടവേളയ്ക്ക് ശേഷം കാര്യങ്ങൾ നീങ്ങുന്നത് പരസ്യമായ വിഴുപ്പലക്കിലേക്ക്

ഉമര്‍ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇകാര്യത്തില്‍ സമസ്ത നേതൃത്വം മൗനം പാലിക്കുകയാണ്

New Update
സമസ്തയും മുസ്ലിം ലീഗും

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യം ചെയ്ത സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് ലീഗ് നേതാക്കളും പ്രവര്‍ത്തകരും.

Advertisment

സമസ്തയുടെ പണ്ഡിത സഭയായ മുശാവറയിലെ മുസ്ലിം ലീഗ് വിരുദ്ധ പക്ഷം ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് സമസ്ത- ലീഗ് തര്‍ക്കം പരസ്യ പോരിലേയ്ക്ക് നീങ്ങുന്നത്. 

ഉമര്‍ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇകാര്യത്തില്‍ സമസ്ത നേതൃത്വം മൗനം പാലിക്കുകയാണ്. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. 

മുന്‍പ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങളെ അപമാനിച്ച ലീഗ് നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഈ മാതൃക പക്ഷേ സമസ്ത നേതൃത്വം കൈക്കൊള്ളുന്നില്ല എന്നതാണ് ലീഗിന്റെ ആരോപണം. 

ഇക്കാര്യം മലപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ കെഎം ഷാജി പരസ്യമാക്കുകയും ചെയ്തു. അതേസമയം,  ഉമര്‍ ഫൈസിക്കും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് സംഘടനയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. 

മുസ്ലിംലീഗിലെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരാണ് സമസ്തയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് സംഘടനയിലെ ലീഗ് വിരുദ്ധ പക്ഷത്തിന്റെ പ്രതിരോധം. 

ഇതിനിടെ ഉമ്മര്‍ ഫൈസിയെ സംഘടനയില്‍ നിന്നും പുറത്താക്കാനുള്ള സമര്‍ദവും സമസ്തക്കുള്ളില്‍ ശക്തമായിട്ടുണ്ട്: ആരോപണ പ്രത്യാരോപണങ്ങളിലൂടെ പരസ്യമായ വിഴുപ്പലക്കലാണ് ഇപ്പോള്‍ നടക്കുന്നത്. കാര്യങ്ങള്‍ നേതൃത്വം ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലാവും. അത് സമസ്തയുടെ പിളര്‍പ്പിലാവും അവസാനിക്കുക.

Advertisment