/sathyam/media/media_files/2024/12/11/yuymfAu33xWcNZEUXr3G.jpg)
കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിൽ പൊട്ടിത്തെറി. സംഘടനയുടെ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ ഉമ്മർ ഫൈസി മുക്കമടക്കമുള്ള ലീഗ് വിരുദ്ധ സഖ്യം അധിക്ഷേപിച്ചതിനെ തുടർന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി.
ഇതേ തുടർന്ന് ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു. മുസ്ലിം ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധ വിഭാഗവും തമ്മിലുള്ള പോരു സംഘടനക്കുള്ളിൽ മൂർച്ഛിക്കുമ്പോൾ സമസ്ത പിളർപ്പിലേക്ക് നീങ്ങുന്നു എന്ന സൂചനകൾ ആണ് ലഭിക്കുന്നത്.
കോഴിക്കോട് ചേർന്ന സമസ്തയുടെ ഉന്നതാധികാര സമിതിയായ മുശാവറ യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് തർക്കം തുടങ്ങിയത്.
ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ വീണ്ടും ആവശ്യപ്പെട്ടു.
എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറാകാതെ സംസാരിക്കുകയും സംഘടനയിലെ ചില കള്ളന്മാർ എന്ന പ്രയോഗം നടത്തുകയും ചെയ്തതാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.
ഇതോടെ ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. സംഘടനക്കുള്ളിൽ ലീഗ് അനുകൂലപക്ഷവും ലീഗ് വിരുദ്ധപക്ഷവും ചേരിതിരിഞ്ഞതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
യോഗത്തിൽ അപമര്യാതയായി പെരുമാറിയ ഉമ്മർ ഫൈസി മുക്കത്തിനെതിരെ സംഘടനയിൽ അച്ചടക്ക നടപടിയെടുത്താൽ അത് സമസ്തയുടെ പിളർപ്പിലേക്കാവും വഴിവെക്കുക.