/sathyam/media/media_files/2024/10/29/UiaEGhCPtetLK2CPyAAu.jpg)
മലപ്പുറം: ലീഗ് - സമസ്ത ഭിന്നത പരിഹരിക്കാൻ വിളിച്ച സമവായ ചര്‍ച്ചയിൽ പങ്കെടുക്കാതെ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം.
യോഗത്തില്‍ എത്താനുള്ള അസൗകര്യം അവര്‍ അറിയിച്ചിരുന്നെന്നും എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും യോഗം ചേരുമെന്നും പാണക്കാട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമസ്തയില്‍ രണ്ടുവിഭാഗങ്ങളില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഒരു കുടുംബം ആകുമ്പോള്‍ സ്വരചേര്‍ച്ചകള്‍ സ്വാഭാവികമാണ്. എവിടെയും സമാന്തര കമ്മറ്റികള്‍ ഉണ്ടാക്കിയിട്ടില്ല.
പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നേതാക്കള്‍ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. പരസ്പരം യോജിച്ച് പോകുമ്പോള്‍ നപടിയുടെ കാര്യമില്ലെന്നും വിട്ടുവീഴ്ച മനോഭാവമാണ് തങ്ങളുടെ അടിസ്ഥാനമെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.
അച്ചടക്കം ലംഘിക്കുന്ന ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. ഇരുവിഭാഗം ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയില്‍ അഭിപ്രായ വ്യതാസം ഉണ്ടെന്നും അത് കൂടിയിരുന്നു പരിഹരിക്കാമെന്നാണ് ലക്ഷ്യമെന്നാണ് ലക്ഷ്യമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.
വിമത - ഔദ്യോഗിക വിഭാഗങ്ങളില്ല, എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. എല്ലാവരെയും ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തും.
സമസ്ത ഒറ്റക്കെട്ടായി പോകണമെന്നത് സുന്നികളുടെ മാത്രം ആവശ്യമല്ല. അത് സമൂഹത്തിന്റെ മൊത്തം ആവശ്യമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഭിന്നത പരിഹരിക്കാനുളള ആദ്യ യോഗമാണ് ഇന്നു നടക്കുന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ പിന്നാലെയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
ലീഗിന്റെ പേരില്‍ സമാന്തര കൂട്ടായ്മയുണ്ടാക്കിയവര്‍ക്കെതിരെ സമസ്ത നടപടിയെടുക്കണമെന്നാണ് ലീഗ് വിരുദ്ധ ചേരിയുടെ ആവശ്യം.