/sathyam/media/media_files/2024/11/02/eHYaDPaVFxF2b3ngiVQE.jpg)
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചതിന് പിന്നാലെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം.
പാണക്കാട് തങ്ങളെ വിമർശിച്ചതിൽ മാപ്പ് പറയണമെന്ന് ലീഗ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ലീഗ് ജനറൽ സെക്രട്ടറിയേയും കടന്നാക്രമിച്ചുകൊണ്ട് ഉമർ ഫൈസി മുക്കം രംഗത്ത് എത്തിയിരിക്കുന്നത്.
സമസ്ത അനുയായികൾക്കിടയിൽ സ്വീകാര്യത ലഭിച്ചേക്കാവുന്ന കാര്യങ്ങളാണ് പി.എം.എ സലാമിനെതിരെ ഉമർ ഫൈസി മുക്കം പറഞ്ഞിരിക്കുന്നത്. മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി, വഹാബി, മുജാഹിദ് നേതാക്കളാണെന്ന് ആരോപിച്ച ഉമർ ഫൈസി മുക്കം മുജാഹിദ്-വഹാബി കുടുംബാംഗമാണ് പി.എം.എ സലാമെന്നും ആക്ഷേപിച്ചു.
മുസ്ലിം സമുദായത്തിലെ മുജാഹിദ് വിഭാഗത്തിൽ നിന്നുളളയാളാണ് സലാം എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഈ ആക്ഷേപം ഉന്നയിച്ചത്. സമസ്ത ആശയപരമായി എതിർക്കുന്ന സംഘടനയാണ് മുജാഹിദ്.
വിരോധ നിലപാടുളള സംഘടനയെ പിന്തുടരുന്ന ആളായത് കൊണ്ടാണ് പി.എം.എ സലാം സമസ്തയെ നിരന്തരം വിമർശിക്കുന്നതെന്ന ധ്വനിയും ഉമർഫൈസി മുക്കത്തിൻെറ ഈ വിമർശനത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.
എന്നാൽ ഉമർ ഫൈസി മുക്കത്തിൻെറ ഈ വിമർശനത്തിന് മറുപടി നൽകാൻ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം തയാറായില്ല. സമസ്തയെ വിമർശിക്കാനോ കുറ്റം പറയാനോ ഒരിക്കലും തയാറല്ലെന്നായിരുന്നു പി.എം.എ സലാമിൻെറ പ്രതികരണം.
എന്നാൽ ലീഗിനെ കുറ്റം പറയാൻ വരുന്ന സംഘടന ഏതായാലും ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം കൈയ്യാളുന്നത് കൊണ്ടാണ് സമസ്തയിലെ ചില നേതാക്കൾ തന്നെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത്. അവർക്ക് പിന്നിൽ സി.പി.എം ആണെന്നും പി.എം.എ സലാം ആരോപിച്ചു.
ഗ്രഹണ സമയത്ത് ഞാഞ്ഞൂലിനും വിഷം വെയ്ക്കുമെന്നാണ് പറയുന്നത്. അതുപോലെ തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ ചിലർ രംഗത്ത് വരും. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരം ചിലർ തലപൊക്കിയിരുന്നു. എന്നാൽ അതെല്ലാം ഫലം വന്നപ്പോൾ തീർന്നുപോയതാണെന്നും പി.എം.എ സലാം പരിഹസിച്ചു.
വഹാബി- മുജാഹിദ് പരാമർശത്തിന് മറുപടി പറഞ്ഞാൽ സമസ്തയെ രൂക്ഷമായി വിമർശിക്കേണ്ടി വരും. ഇത് കണക്കിലെടുത്താണ് വഹാബി പരിഹാസത്തെപ്പറ്റി മൗനം പാലിക്കുന്നതെന്നും സലാം സൂചിപ്പിച്ചു.
ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ തന്നെ സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടുളള നേതാക്കളുടെ കണ്ണിലെ കരടാണ്. സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നതാണ് ലീഗ് വിരുദ്ധരുടെ മുഖ്യ ആവശ്യം.
സമവായ ചർച്ചയിൽ ആവർത്തിച്ച് ഉന്നയിച്ചിട്ടും ലീഗ് നേതൃത്വം ഈ ആവശ്യം ചെവിക്കൊണ്ടിട്ടില്ല. ഇതിലുളള നീരസമാണ് സമസ്ത നേതാക്കളിൽ നിന്ന് ഇടക്കിടെ പുറത്തുവരുന്ന വിമർശനം.
ആത്മീയ നേതാവിൻെറ പരിവേഷം കൂടിയുളള ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെ നേരിട്ട് വിമർശനം ഉന്നയിച്ചതിൻെറ കാരണവും ഇതുതന്നെയാണെന്ന് സൂചനയുണ്ട്.
പാണക്കാട് തങ്ങൾക്കെതിരായ വിമർശനം വിവാദം ആയതിന് പിന്നാലെ പി.എം.എ സലാമിനെ വിമർശിച്ചതിൻെറ കാരണവും ഉദ്ദേശം വ്യക്തമാക്കലായി കണക്കാക്കാം.
"മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമി, വഹാബി, മുജാഹിദ് നേതാക്കളാണ്. മുജാഹിദ്-വഹാബി കുടുംബാംഗമാണ് പി.എം.എ സലാം. ആ സ്വാധീനം ലീഗിനെ ബാധിച്ചു.
സമസ്തയുടെ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും എന്നെയും സലാം മോശമായി പറയുന്നുണ്ട്. സമസ്ത പ്രതിഷേധം അറിയിച്ചിട്ടും പി.എം.എ സലാമിനെതിരെ നടപടി എടുത്തിട്ടില്ല.
തങ്ങൾ പരമ്പരയേ ഇല്ല എന്നുപറയുന്നവരാണ് വഹാബികൾ. ശിർക്കിന്റെ പിന്തുടർച്ചക്കാർ എന്ന് പറഞ്ഞ് പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചവരാണ് അവർ. സമസ്തയും പാണക്കാട് കുടുംബവും നശിക്കാൻ പാടില്ലെന്ന് തന്നെയാണ് അഭിപ്രായം.
വൻചിതലുകൾ കടന്നുകൂടി ലീഗിനെ നശിപ്പിക്കുന്നു. സി.ഐ.സി വിവാദത്തിൽ അബ്ദുൽ ഹക്കീം ആദൃശേരിയുമായി ഒരു ബന്ധവും പാടില്ലെന്നും സമസ്ത ലീഗിനെ അറിയിച്ചിട്ടുളളതാണ്. എന്നാൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അത് ഉൾക്കൊണ്ടില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണം. സമസ്തയുടെ നിർദ്ദേശം ലംഘിച്ചതിനെ സംഘടനയോടുളള വെല്ലുവിളിയായി തന്നെ കാണുന്നു''-ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് വിശദീകരിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച ഉമർഫൈസി മുക്കത്തെ സമസ്തയിൽ നിന്നുതന്നെ പുറത്താക്കണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിൻെറ ആവശ്യം. രാഷ്ട്രീയ എതിരാളികൾ പോലും വിമർശിക്കാൻ മടിക്കുന്ന പാണക്കാട് തങ്ങന്മാർക്കെതിരെ സമസ്തയിൽ നിന്നുതന്നെ എതിർശബ്ദമുണ്ടായത് ലീഗ് നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.